Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണും ജയിച്ച ജോക്കോവിച്ചിന് കരിയര്‍ സ്ലാം

French Open: Novak Djokovic beats Andy Murray to win title
Author
Paris, First Published Jun 5, 2016, 4:39 PM IST

പാരീസ്: കരിയറില്‍ ഇതുവരെ കൈയിലൊതുങ്ങാതിരുന്ന ഫ്രഞ്ച് ഓപ്പണും നേടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കി. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ കീഴടക്കിയാണ് ജോക്കോവിച്ച് കന്നി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. സ്കോര്‍ 3-6, 6-1, 6-2- 6-4. കരിയര്‍ സ്ലാം(നാല് ഗ്രാന്‍സ്ലാമുകളും) നേടുന്ന എട്ടാമത്തെ താരമാണ് ജോക്കോവിച്ച്.

ആദ്യസെറ്റ് നേടി അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയ മറെ രണ്ടാം സെറ്റില്‍ നിലം തൊടീക്കാതെയാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. 6-1ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ ജോക്കോ മൂന്നും നാലും സെറ്റുകളിലും മറെയ്ക്ക് അവസരമൊന്നും നല്‍കിയില്ല. ജോക്കോവിച്ചിന്റെ കായികക്ഷമതയ്ക്ക് മുന്നില്‍ തളര്‍ന്നുപോയ മറെ ഒരിക്കല്‍ കൂടി ഗ്രാന്‍സ്ലാം ഫൈനലില്‍ തലകുനിച്ച് മടങ്ങി.

നാലാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലാണ് ജോക്കോവിച്ചിന് കന്നി കിരീടം കൈയിലൊതുങ്ങിയത്. രണ്ടുതവണ(2012ലും 2014ലും) നദാലിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന ജോക്കോവിച്ച് കഴിഞ്ഞവര്‍ഷം സ്റ്റാന്‍ വാവ്‌റിങ്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ നാലാമങ്കത്തില്‍ മറെയ്ക്ക് അവസരമൊന്നും നല്‍കാന്‍ ജോക്കോവിച്ച് തയാറായിരുന്നില്ല. ജോക്കോവിച്ചിന്റെ പന്ത്രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്.

 

Follow Us:
Download App:
  • android
  • ios