മൊഹാലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറിനെതിരെ ടീം ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ പരസ്യമായി പൊട്ടിത്തെറിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തിലെ ഒരു റണ്‍സ് തോല്‍വിക്കുശേഷമാണ് പ്രീതി സിന്റ ബംഗാറിനടുത്തെത്തി ശകാര വര്‍ഷം നടത്തുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗലൂരുവിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ബംഗാര്‍ വരുത്തിയ മാറ്റമാണ് കളി കൈവിടാന്‍ കാരണമെന്നായിരുന്നു പ്രീതിയുടെ നിലപാട്. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുരളി വിജയ് പുറത്തായശേഷം തകര്‍ത്തടിക്കാന്‍ കഴിവുള്ള അക്ഷര്‍ പട്ടേലിനെ അയക്കുന്നതിന് പകരം ഫര്‍ഹാന്‍ ബെഹാര്‍ദ്ദീനെ ബാറ്റിംഗിനയച്ചതാണ് പ്രീതിയെ ചൊടിപ്പിച്ചത്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ ബെഹാര്‍ദ്ദീനായുള്ളു.

മത്സരം പൂര്‍ത്തിയായ ഉടനെ ഡഗ് ഔട്ടിലെത്തിലെത്തിയ പ്രീതി മറ്റു കളിക്കാര്‍ക്ക് മുമ്പില്‍വെച്ചായിരുന്നു ബംഗാറിനെ അധിക്ഷേപിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇരുവരും ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് നിഷേധക്കുറിപ്പിറക്കിയെങ്കിലും സംഭവത്തിന് നിരവധിപേര്‍ ദൃക്സാക്ഷികളാണെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 10 കളികളില്‍ മൂന്ന് ജയം മാത്രം നേടിയിട്ടുള്ള കിംഗ്സ് ഇലവന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ക്യാപ്റ്റനായിരുന്ന ഡേവിഡ് മില്ലറെ മാറ്റി മുരളി വിജയ്‌യെ ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിക്കുകയും ചെയ്തിരുന്നു. ടീം ഇന്ത്യയുടെ സഹപരിശീലകന്‍ കൂടിയായ ബംഗാര്‍ വിരാട് കൊഹ്‌ലിയും അജിങ്ക്യാ രഹാനെയും അടക്കമുള്ള ടീം അഗങ്ങള്‍ ഏറെ ബഹുമാനിക്കുന്ന പരിശീലകന്‍ കൂടിയാണ്.