ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ രണ്ടാം ലോകകിരീടം നേടിയതിന്റെ ആറാം വാര്‍ഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. ഈ അവസരത്തില്‍ 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഫൈനലിനെ സംബന്ധിച്ച് വലിയൊരു രഹസ്യം ഗൗതം ഗംഭീര്‍ വെളിപ്പെടുത്തിയിരിക്കുന്നു. അന്ന് ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഇന്ത്യയ്‌ക്ക് രണ്ടാമത്തെ പന്തില്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റ് നഷ്‌ടമായിരുന്നു. തികച്ചും അപ്രതീക്ഷിതമായി തുടക്കത്തിലേ വീരു വീണപ്പോള്‍, ഫസ്റ്റ് ഡൗണായി ഇറങ്ങേണ്ടിയിരുന്ന ഗൗതം ഗംഭീര്‍ ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ലത്രെ. പാഡ് കെട്ടുകയോ, ബാറ്റു എടുത്തുവെയ്‌ക്കുകയോ ചെയ്യാതെ ഇരുന്ന ഗംഭീര്‍ ആകെ അങ്കലാപ്പിലായിപ്പോയി. അന്ന് എല്‍ബിഡബ്ല്യൂ ആയി പുറത്തായ സെവാഗ്, ഡിആര്‍എസ് നല്‍കിയതുകൊണ്ടുമാത്രമാണ് തനിക്ക് പാഡ് കെട്ടാനുള്ള സമയം ലഭിച്ചത്. അല്ലെങ്കില്‍ ചിലപ്പോള്‍ ടൈംഔട്ടായി പുറത്താകുമായിരുന്നുവെന്ന് ഗംഭീര്‍ പറയുന്നു. ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. അന്ന് നേരിട്ട ആദ്യ പന്ത് മലിംഗയ്ക്കെതിരെ ബൗണ്ടറിയടിക്കാനായത് ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഗംഭീര്‍ പറയുന്നു. തയ്യാറെടുപ്പ് കൂടാതെ പെട്ടെന്ന് ബാറ്റിങിന് ഇറങ്ങിയത് ഭാഗ്യമായി കരുതുന്നയാളാണ് ഗംഭീര്‍. സെഞ്ച്വറി നഷ്‌ടമായെങ്കിലും 97 റണ്‍സെടുത്ത ഗംഭീറിന്റെ പ്രകടനമാണ് അന്നത്തെ ലോകകപ്പ് വിജയത്തിന് അടിത്തറയേകിയത്.