ഏഴാം നമ്പര്‍ മാക്‌സ്‌വെല്ലിന്‍റെ പെര്‍ഫെക്റ്റ് ബാറ്റിംഗ് പൊസിഷനെന്ന് ലാംഗര്‍. ലോകത്തെ മികച്ച ഫീല്‍ഡറാണ് മാക്‌സ്‌വെല്ലെന്നും ഓസീസ് പരിശീലകന്‍.
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പ്രശംസിച്ച് പരിശീലന്‍ ജസ്റ്റിന്‍ ലാംഗര്‍. ഏഴാം നമ്പര്‍ മാക്‌സ്‌വെല്ലിന്‍റെ പെര്‍ഫെക്റ്റ് ബാറ്റിംഗ് പൊസിഷനാണ് എന്ന് ലാംഗര്‍ വ്യക്തമാക്കി. അഡ്‌ലെയ്‌ഡ് ഏകദിനത്തില്‍ ഏഴാമനായി 38-ാം ഓവറില്‍ ബാറ്റിംഗിനിറങ്ങി 37 പന്തില്‍ 48 റണ്‍സ് മാക്‌സി അടിച്ചുകൂട്ടിയിരുന്നു. ഈ ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഏഴാം നമ്പറില്‍ തിളങ്ങിയിട്ടുള്ള ഓസീസ് ഇതിഹാസങ്ങളായ മൈക്കല്‍ ബെവനെയും മൈക്ക് ഹസിയെയും മാക്‌സി ഓര്‍മ്മിപ്പിക്കുന്നതായും ലാംഗര്‍ പറഞ്ഞു. മാക്‌സ്‌വെല്‍ ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍ കൂടിയാണ്. ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ നായകനായിരുന്നു. അതിനാല്‍ മികച്ച നായകശേഷിയും മാക്‌സ്‌വെല്ലിനുണ്ടെന്നും ലാംഗര്‍ പറഞ്ഞു.
മാക്‌സ്‌വെല്ലിനെയോ ഹസിയെയോ പോലുള്ള ഫിനിഷര്‍മാര്‍ എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടും. ഓസ്‌ട്രേലിയ ലോകകപ്പ് നേടുമെങ്കില്‍ മാക്‌സ്‌വെല്‍ ടീമിലെ അഭിവാജ്യഘടകമായിരിക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി. ബാറ്റിംഗ് ലൈനപ്പില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയ പരമ്പര ജയിക്കാത്തതിന് കാരണമെന്നും ലാംഗര്‍ പറഞ്ഞു.
