സിംഗും പേസും നിറഞ്ഞ ഇംഗ്ലിഷ് മണ്ണില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആന്‍ഡേഴ്സനാകുമെന്ന് മഗ്രാത്ത്

ഇംഗ്ലിഷ് മണ്ണില്‍ ചരിത്ര വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സമീപകാല ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളുടെ കരുത്തില്‍ വിശ്വസിച്ചാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. അതിനിടയിലാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബൗളറായ ഗ്ലൈന്‍ മഗ്രാത്ത് രംഗത്തെത്തിയത്.

ഇംഗ്ലിഷ് മണ്ണില്‍ ഇന്ത്യക്ക് വിജയം നേടുക എളുപ്പമല്ലെന്ന് ചൂണ്ടികാട്ടിയ മഗ്രാത്ത് ഇന്ത്യയുടെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും വാചാലനായി. വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര ലോകോത്തരമാണെന്ന് പറഞ്ഞ താരം പക്ഷെ ഇംഗ്ലണ്ടില്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ജെയിംസ് ആന്‍ഡേഴ്സനെന്ന പേസ് ബൗളര്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്വാഭാവികമായും സിംഗും പേസുമുള്ള ഇംഗ്ലിഷ് വിക്കറ്റില്‍ ആന്‍ഡേഴ്സണ്‍ എന്നും അപകടകാരിയാണ്. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ള ഓസ്ട്രേലിയ പോലുള്ള ടീമുകളെ നാണംകെടുത്തി വിട്ടിട്ടുള്ളതില്‍ ആന്‍ഡേഴ്സന്‍റെ പങ്ക് മഗ്രാത്ത് എടുത്തുകാട്ടി.

സിംഗും പേസും കൊണ്ട് ലോകത്തെ ഏറ്റവും അപകടകാരിയായ ബൗളറാണ് ആന്‍ഡേഴ്സന്‍. ഇംഗ്ലിഷ് മണ്ണില്‍ കളിച്ച് പരിചയമില്ലാത്ത താരങ്ങളാണ് ഇന്ത്യന്‍ സംഘത്തിലെ ഏറിയപങ്കും. അതുകൊണ്ടുതന്നെ ആന്‍ഡേഴ്സന്‍ കടുത്ത നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ആന്‍ഡേഴ്സനെ എങ്ങനെ നേരിടും എന്നിടത്താണ് ഇന്ത്യയുടെ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,