വനിതാ വിഭാ​ഗം ഫൈനലിൽ തമിഴ് ലയണസ് - തെലുങ്ക് ചീറ്റാസ് പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. 

ഗുരുഗ്രാം: ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിൽ ഇന്ന് ഫൈനൽ പോരാട്ടങ്ങൾ. കബഡി ലീ​ഗിന്റെ പുരുഷ വിഭാ​ഗം ഫൈനലിൽ മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും തമ്മിൽ ഏറ്റുമുട്ടും. വനിതാ വിഭാ​ഗം ഫൈനലിൽ തമിഴ് ലയണസാണ് തെലുങ്ക് ചീറ്റാസിന്റെ എതിരാളികൾ.

പുരുഷ വിഭാ​ഗം ആദ്യ സെമി ഫൈനലിൽ മറാത്തി വൾച്ചേഴ്സ് 38-36 എന്ന സ്‌കോറിന് പഞ്ചാബി ടൈഗേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. മറാത്തി വൾച്ചേഴ്സും പഞ്ചാബി ടൈ​ഗേഴ്സും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. സമ്മർദ്ദ ഘട്ടങ്ങളിൽ പതറാതെ മികച്ച പ്രകടനം പുറത്തെടുത്ത മറാത്തി വൾച്ചേഴ്സിന് മുന്നിൽ അവസാനം പഞ്ചാബി ടൈ​ഗേഴ്സിന് അടിയറവ് പറയേണ്ടി വന്നു. രണ്ടാം സെമി ഫൈനലിൽ തമിഴ് ലയൺസ് 50-27 എന്ന സ്കോറിന് ബീഹാർ ലെപ്പേഡ്സിനെ തകർത്താണ് ഫൈനൽ ഉറപ്പിച്ചത്. 25 റെയ്ഡ് പോയിന്റുകളും 18 ടാക്കിൾ പോയിന്റുകളും നിരവധി ഓൾഔട്ടുകളും നേടിയ തമിഴ് ലയൺസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ ബീഹാർ ലെപ്പേർഡ്സ് പരാജയം സമ്മതിക്കുകയായിരുന്നു. 

അതേസമയം, ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന്റെ വനിതാ വിഭാ​ഗം ഫൈനലിൽ ഇന്ന് തമിഴ് ലയണസും തെലുങ്ക് ചീറ്റാസും ഏറ്റുമുട്ടും. തമിഴ് ലയണസ് ഭോജ്പുരി ലെപ്പേർഡ്സിനെ പരാജയപ്പെടുത്തിയപ്പോൾ തെലുങ്ക് ചീറ്റാസ് പഞ്ചാബി ടൈഗ്രസിനെ മറികടന്നാണ് ഫൈനലിലെത്തിയത്. ആദ്യ സെമിഫൈനലിൽ, ഭോജ്പുരി ലെപ്പേർഡ്‌സിനെ 43-21 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തമിഴ് ലയണസ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ടാം സെമിഫൈനലിൽ തെലുങ്ക് ചീറ്റാസ് പഞ്ചാബി ടൈഗ്രസിനെ 25-16 എന്ന സ്കോറിന് മുട്ടുകുത്തിച്ചു. 

ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന്റെ പുരുഷ, വനിതാ ഫൈനലുകൾ ബുധനാഴ്ച ഹരിയാനയിലെ ഗുരുഗ്രാം സർവകലാശാലയിൽ നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് നടക്കുന്ന പുരുഷ ഫൈനലിൽ മറാത്തി വൾച്ചേഴ്‌സ് തമിഴ് ലയൺസിനെ നേരിടും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 8 മണിക്ക് വനിതാ വിഭാ​ഗത്തിന്റെ ഫൈനൽ നടക്കും.