കാണ്‍പൂര്‍: ഐ പി എല്ലില്‍ ഒന്‍പതാം ജയത്തോടെ ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പാക്കി. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ആറ് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. 36 പന്തില്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും(27 പന്തില്‍ 48) ബാറ്റിംഗ് മികവിലാണ് ഗുജറാത്തിന്റെ ജയം. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിച്ചു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 172/8, ഗുജറാത്ത് ലയണ്‍സ് 17.5 ഓവറില്‍ 173/4.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിതീഷ് റാണയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 36 പന്തില്‍ റാണ 70 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(30), ജോസ് ബട്‌ലര്‍(33) എന്നിവരും മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ മികച്ച ഫോമിലുള്ള ആരോണ്‍ ഫിഞ്ചിനെ(0) നഷ്ടമായെങ്കിലും മക്കല്ലവും റെയ്നയും ചേര്‍ന്ന് സിംഹങ്ങളെ വിജയവഴിയിലെത്തിച്ചു. ഇരുരും പുറത്തായശേഷം ഡ്വയിന്‍ സ്മിത്തും(23 പന്തില്‍ 37 നോട്ടൗട്ട്), രവീന്ദ്ര ജഡേജയും(15 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്ന് ഗുജറാത്തിന്റെ വിജയം അനായാസമാക്കി.



