തിരുവനന്തപുരം: ഹര്‍ദ്ദീക് പാണ്ഡ്യയുടെ പിറന്നാള്‍ പ്രതികാരത്തിന് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാണ്ഡ്യയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കളിയാക്കിയാണ് കോലി രംഗത്തെത്തിയത്. പാണ്ഡ്യക്ക് ഒരു ഐപോഡുണ്ട്. അതില്‍ നിറയെ ഇംഗ്ലീഷ് പാട്ടുകളാണ്. എന്നാല്‍ കേള്‍ക്കുന്ന പാട്ടുകളുടെ അര്‍ഥമെന്താണെന്ന് പാണ്ഡ്യയ്ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് കോലി തമാശയായി പറഞ്ഞു. ഒരു പാട്ടിലെ അഞ്ചു ഇംഗ്ലീഷ് വാക്കുകള്‍ പോലും പാണ്ഡ്യയ്ക്ക് പിടികിട്ടാറില്ല.

ഡ്രസ്സിംഗ് റൂമില്‍ ഞങ്ങളെപ്പോഴും പ‍ഞ്ചാബി പാട്ടുകളാണ് കേള്‍ക്കാറുള്ളത്. എന്നാല്‍ പാണ്ഡ്യ മാത്രം ഐപോഡില്‍ ഇംഗ്ലീഷ് പാട്ടുകള്‍ കേള്‍ക്കും. പലപ്പോഴും പാണ്ഡ്യയുടെ പ്ലേ ലിസ്റ്റിലുള്ള പാട്ടുകള്‍ കേട്ട് തങ്ങള്‍ അസ്വസ്ഥരാവാറുണ്ടെന്നും വെബ് ചാറ്റ് ഷോ ആയ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന വെബ് സീരിസില്‍ കോലി പറഞ്ഞു.

പാണ്ഡ്യയുടെ നാക്കിന് എല്ലില്ലെന്നും പക്ഷെ മനസില്‍ നന്‍മയുള്ളവനാണെന്നും കോലി പറഞ്ഞു. ഒന്നും ആലോചിക്കാതെ പലതും വിളിച്ചുപറയും. ഇതിന് ഉദാഹരണമായി കോലി പറഞ്ഞത്, ഒരിക്കല്‍ പാണ്ഡ്യ അശ്വിനെ വിശേഷിപ്പിച്ചത് രവികശ്യപ് അശ്വിനാണെന്നായിരുന്നു. കഴിഞ്ഞ ദിവസം 29-ാം ജന്‍മദിനം ആഘോഷിച്ച കോലിയെ പാണ്ഡ്യ കേക്കു കൊണ്ട് അഭിഷേകം നടത്തിയിരുന്നു. പിറന്നാള്‍ പ്രതികാരമെന്നായിരുന്നു ഇതിന് പാണ്ഡ്യയുടെ കമന്റ്.