ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്ററാണ് വെടിക്കെട്ട് വീരന്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ മോഹവില നല്‍കി സ്വന്തമാക്കാന്‍ ടീമുകള്‍ സ്വപ്നം കാണുന്ന താരമാണ് പാണ്ഡ്യ. ക്രിക്കറ്റിലെ പ്രശസ്തി പാണ്ഡ്യയ്ക്ക് ഇഷ്ടംപോലെ പണവും സൗകര്യങ്ങളും നല്‍കി. എന്നാല്‍ കാറിന്റെ സിസി പോലും കൃത്യമായി അടയ്ക്കാനാകാതെ വാഹനം ഒളിപ്പിച്ചുവെക്കേണ്ടിവന്ന ഒരു ഭൂതകാലമുണ്ട് ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് എന്ന വിവരം എത്രപേര്‍ക്ക് അറിയാം? ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന
ടിവി ഷോയിലാണ് പാണ്ഡ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഭക്ഷണം പോലും കഴിക്കാതെ അഞ്ചും പത്തും രൂപ കുടുക്കയില്‍ ശേഖരിച്ചുവെച്ചാണ് മുന്നോട്ടുപോയത്. പലപ്പോഴും കാറിന്റെയും മറ്റ് ബാങ്ക് വായ്പകളുടെയും പ്രതിമാസ തവണ തിരിച്ചടയ്ക്കാന്‍ പോലുമാകാതെ ഒളിച്ചുനടക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് തവണ മുടങ്ങിയതോടെ കാര്‍ സിസി പിടുത്തക്കാര്‍ കൊണ്ടുപോകുമെന്ന അവസ്ഥ വന്നത്. കുറഞ്ഞ മോഡലായിരുന്നെങ്കിലും ഏറെ ആശിച്ചുവാങ്ങിയ ജീവിതത്തിലെ ആദ്യ കാറായിരുന്നു. അത് നഷ്ടപ്പെടുത്താന്‍ മനസ് വന്നില്ല. അങ്ങനെയാണ് അത് ഒളിപ്പിച്ചത്. മൂന്നു വ!ര്‍ഷത്തോളം പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള കാശ് മാറ്റിവെച്ചാണ് കാറിന്റെ സിസി അടച്ചുതീര്‍ത്തത്. ആ സമയത്ത് ജീവിതത്തിലെ പല കാര്യങ്ങളും തനിക്ക് ത്യജിക്കേണ്ടിവന്നതായും ഇന്നത്തെ ഇന്ത്യ സൂപ്പര്‍താരം പറയുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് സെലക്ഷന്‍ കിട്ടിയതോടെയാണ് ജീവിതത്തിലെ കഷ്ടകാലം മാറിയത്. മുംബൈ ഇന്ത്യന്‍സിനോടൊപ്പമുള്ള ആദ്യ സീസണില്‍ കിരീടം നേടിയതോടെ അമ്പത് ലക്ഷം രൂപയുടെ ചെക്കാണ് ടീം മാനേജ്‌മെന്റ് സമ്മാനിച്ചത്. അന്ന് ഒരു കാര്‍ സമ്മാനമായി ലഭിക്കുകയും മറ്റൊരു കാര്‍ വാങ്ങുകയും ചെയ്തു. ജീവിതം മാറിമറിഞ്ഞ കഥ ഹാര്‍ദ്ദിക് പാണ്ഡ്യ പറയുമ്പോള്‍ പരിപാടിയുടെ അവതാരകന്‍ ഗൗരവ് കപൂര്‍ ശരിക്കും ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്നു.