ബാഴ്‌സലോണ: ലിയോണല്‍ മെസിയുടെ ഹാട്രിക്കോടെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതു സീസണ് തുടക്കം. ക്യാപ്റ്റന്റെ ഹാട്രിക് പിന്‍ബലത്തില്‍ ബാഴ്‌സലോണ എതില്ലാത്ത നാല് ഗോളുകള്‍ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ തുരത്തി. ഔസ്മാന്‍ ഡെംബേലയുടെ വകയായിരുന്നു ഒരു ഗോള്‍.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് പിറന്നത്. 32ാം മിനിറ്റില്‍ ഒരു ഗംഭീര ഫ്രീകിക്ക് ഗോളിലൂടെ മെസി വരവറിയിച്ചു. സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോള്‍. 25 വാര  അകലെ നിന്നായിരുന്നു ഗോള്‍. മെസിയുടെ കരിയറിലെ 42ാം ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്. 

മത്സരം തീരാന്‍ പതിനഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ ഫ്രഞ്ച് താരം ഡെംബേല ഗോള്‍ രണ്ടാക്കി. അതും ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹര ഗോള്‍. പിന്നാലെ മെസി രണ്ടാം ഗോള്‍ നേടി. ക്രൊയേഷ്യന്‍ താരം താരം ഇവാന്‍ റാകിടിച്ച് നല്‍കിയ പാസ് മെസി ഗോളാക്കി മാറ്റി. 87ാം മിനിറ്റില്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ ഹാട്രിക് പൂര്‍ത്തിയാക്കി. ചാംപ്യന്‍സ് ലീഗില്‍ മെസിയുടെ എട്ടാം ഹാട്രിക്കാണിത്. 

ബാഴ്‌സ പ്രതിരോധതാരം ഉംറ്റിറ്റി ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മാത്രമാണ് മത്സരത്തില്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. ടോട്ടന്‍ഹാമിനോടാണ് ബാഴ്‌സയുടെ അടുത്ത മത്സരം.