ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സൽമാൻ ആഗയെ ഒഴിവാക്കുകയും ചെയ്തു.
ലാഹോർ: പാകിസ്ഥാൻ ടി20 ക്രിക്കറ്റ് ടീമിൽ വീണ്ടും വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് സൽമാൻ അലി ആഗയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി. ഓപ്പണിംഗ് ബാറ്റർ സാഹിബ്സാദ ഫർഹാനാണ് പുതിയ ടി20 നായകൻ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സൽമാൻ ആഗയെ ഒഴിവാക്കുകയും ചെയ്തു.
ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ ഫൈനലിൽ എത്തിച്ച പ്രകടനമാണ് സാഹിബ്സാദ ഫർഹാന് നായകസ്ഥാനം നൽകാൻ കാരണം. അതേസമയം ടീമിലെ പ്രമുഖ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെ ടി20 ടീമിൽ നിന്ന് ഒഴിവാക്കി. വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാനും ടി20 ടീമിൽ നിന്ന് പുറത്തായി. എന്നാൽ ബാബറും ഹാരിസും ഷഹീനും ഇംഗ്ലണ്ടും ശ്രീലങ്കയും ഉൾപ്പെടുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ഷഹീൻ ഷാ അഫ്രീദി തന്നെയാകും ഏകദിന ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഒമ്പത് സിക്‌സറുകൾ പറത്തി തിളങ്ങിയ യുവതാരം റസാഉള്ളയെ ഏകദിന, ടി20 ടീമുകളിൽ ഉള്‍പ്പെടുത്തി.
പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒക്ടോബർ 9-ന് റാവൽപിണ്ടിയിൽ ആരംഭിക്കും. ഒക്ടോബർ 11, 13 തീയതികളിലാണ് രണ്ടും മൂന്നും ടി20 മത്സരങ്ങൾ. ഇതിന് ശേഷമാണ് ഇംഗ്ലണ്ടും ശ്രീലങ്കയും പങ്കെടുക്കുന്ന ഏഴ് മത്സരങ്ങളുടെ ഏകദിന ത്രിരാഷ്ട്ര പരമ്പര നടക്കുക. റാവൽപിണ്ടിയും ലാഹോറുമാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്.
പാകിസ്ഥാൻ ടി20 ടീം: സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ഫഖർ സമാൻ, ഹസൻ നവാസ്, ഖവാജ നാഫെ (വിക്കറ്റ് കീപ്പർ), മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, മുഹമ്മദ് ഇമ്രാൻ രൺധാവ, നസീം ഷാ, റസാഉള്ള, സൈം അയൂബ്, ഷദാബ് ഖാൻ, സുഫിയാൻ മൊഖീം.
പാകിസ്ഥാൻ ഏകദിന ടീം: ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ നവാസ്, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പർ), നസീം ഷാ, റസാഉള്ള, സാദ് ബെയ്ഗ് (വിക്കറ്റ് കീപ്പർ), സൈം അയൂബ്, സൽമാൻ അലി ആഗ, ഷദാബ് ഖാൻ, സുഫിയാൻ മൊഖീം.
