ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ മോണുമെന്‍റൽ സ്റ്റേഡിയത്തിൽ 85,000-ത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തിയാകും മെസിയുടെ വിടവാങ്ങൽ മത്സരം അരങ്ങേറുക.

ബ്യൂണസ് അയേഴ്സ്: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ തുല്യമായ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് ഫൈനല്‍ വിസിലൂതാന്‍ അർജന്‍റീനയുടെ ഇതിഹാസതാരം ലിയോണൽ മെസി നാളെ ഇറങ്ങുന്നു. അര്‍ജന്‍റീന സമയം നാളെ രാത്രി 8 മണിക്ക്( ഇന്ത്യ സമയം ബുധനാഴ്ച പുലർച്ചെ 4.30ന്) ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ 39കാരനായ മെസി അർജന്‍റീനയുടെ വെള്ളയും നീലയും കലർന്ന ജേഴ്‌‌സി അഴിച്ചുവെക്കും.

ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ മോണുമെന്‍റൽ സ്റ്റേഡിയത്തിൽ 85,000-ത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തിയാകും മെസിയുടെ വിടവാങ്ങൽ മത്സരം അരങ്ങേറുക. 2022-ലെ ഖത്തർ ലോകകപ്പ് വിജയികളായ അര്‍ജന്‍റീന ടീമിലെ സഹതാരങ്ങളും അർജന്‍റീനയുടെ പുതിയ തലമുറയും ഈ ചരിത്ര നിമിഷത്തിൽ മെസിക്കൊപ്പം അണിനിരക്കും. അന്താരാഷ്ട്ര ഫുട്ബോളിലെ നിരവധി ചരിത്ര റെക്കോർഡുകൾ സ്വന്തമാക്കിയാണ് മെസി തന്‍റെ കരിയറിന് പൂർണ്ണവിരാമമിടുന്നത്. അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ മെസി ബെനിനെതിരായ മത്സരത്തോടെ 208 അന്താരാഷ്ട്ര മത്സരങ്ങൾ തികയ്ക്കും.

തന്‍റെ അന്താരാഷ്ട്ര കരിയറിൽ 125 ഗോളുകളും 68 അസിസ്റ്റുകളുമാണ് മെസി അര്‍ജന്‍റീന കുപ്പായത്തില്‍ നേടിയിട്ടുള്ളത്. 2022-ലെ ഫിഫ ലോകകപ്പ് കിരീടത്തിന് പുറമെ രണ്ട് കോപ്പ അമേരിക്ക ട്രോഫികളും ഒരു ഫൈനലിസിമ കിരീടവും അർജന്‍റീനയ്ക്ക് സമ്മാനിച്ച ശേഷമാണ് താരം പടിയിറങ്ങുന്നത്. രണ്ട് തവണ അര്‍ജന്‍റീനയ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും മെസിക്കായി. അർജന്‍റീനയുടെ വൈസ് ക്യാപ്റ്റനും ഡിഫൻഡറുമായ 38കാരൻ നിക്കോളാസ് ഒട്ടമെൻഡിയും ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസിക്കൊപ്പം വിടവാങ്ങും.

ഇന്ത്യയിൽ മത്സരം കാണാനുള്ള വഴികള്‍

അര്‍ജന്‍റീന സമയം നാളെ രാത്രി 8 മണിക്കാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 04:30) മത്സരത്തിന് കിക്കോഫ് ആകുക. സൗഹൃദ മത്സരമായതിനാൽ ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ലെങ്കിലും, ആരാധകർക്ക് സീ5(ZEE5) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരത്തിന്‍റെ ലൈവ് സ്ട്രീം കാണാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക