ജൊഹ്നാസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സ്. 2006ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. അന്ന് 111 പന്തില്‍175 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ വിജശില്‍പിയായത് ഗിബ്സ് ആയിരുന്നു. എന്നാല്‍ അന്ന് താന്‍ ക്രീസിലിറങ്ങിയത് മദ്യലഹരി വിട്ടുമാറാതെയായിരുന്നുവെന്നാണ് ഗിബ്സ് തന്റെ ആത്മകഥയായ ടു ദ് പോയന്റ് എന്ന പുസ്തകത്തില്‍ ഗിബ്സ് പറയുന്നു.

തലേന്നത്തെ നൈറ്റ് പാര്‍ട്ടിയുടെ ലഹരിയിലായിരുന്നു മത്സരദിവസവും താനെന്നും അതിനാല്‍ മത്സരത്തില്‍ കളിക്കാനാവുമോ എന്ന കാര്യംപോലും സംശയമായിരുന്നുവെന്നും ഗിബ്സ് വ്യക്തമാക്കുന്നു. ഗിബ്സിന്റെ തുറന്നുപറച്ചില്‍ ഓസീസ് ക്രിക്കറ്റ് താരമായിരുന്ന മൈക് ഹസിയും ശരിവെച്ചിട്ടുണ്ട്. തലേന്ന് താനും ഓസീസ് ടീം അംഗമായിരുന്ന നഥാന്‍ ബ്രാക്കനും അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഗിബ്സിനെ ഹോട്ടലില്‍ മദ്യപിച്ച നിലയില്‍ കണ്ടിരുന്നു. മൂന്ന് മണിക്കൂറിനുശേഷം ഹോട്ടലിലെ മുറിയില്‍ നിന്ന് നോക്കിയപ്പോഴും ഗിബ്സ് അവിടെത്തന്നെയുണ്ടായിരുന്നു. നാളത്തെ മത്സരത്തില്‍ ഗിബ്സിന്റെ വിക്കറ്റ് അനായാസം നേടാനാവുമെന്ന് കണക്കാക്കിയിരുന്നുവെന്നും ഹസി വ്യക്തമാക്കിയിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഓസീസും ദക്ഷിണാഫ്രിക്കയും തുല്യത പാലിച്ചിരുന്നു. നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 434 റണ്‍സടിച്ചപ്പോഴോ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയിലൂടെ ഗിബ്സും ദക്ഷിണാഫ്രിക്കയും കളിയും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. കരിയറില്‍ മുമ്പും നിരവധിതവണ അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുള്ള കളിക്കാരനാണ് ഗിബ്സ്. ഒത്തുകളി ആരോപണത്തില്‍ ഗിബ്സിന് വിലക്കും നേരിട്ടിരുന്നു.