അഹമ്മദാബാദ്: പ്രീമിയര്‍ ബാഡ്‌മിന്റണ്‍ ലീഗിലെ(പിബിഎല്‍)താര ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി മലയാളിതാരം എച്ച്.എസ്.പ്രണോയ്. അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സ് ആണ് 62 ലക്ഷം രൂപ നല്‍കി പ്രണോയിയെ സ്വന്തമാക്കിയത്. മുംബൈ റോക്കറ്റ്സുമായുള്ള വാശിയേറി ലേലത്തിനൊടുവിലാണ് അഹമ്മദാബാദ് പ്രണോയിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 25 ലക്ഷം രൂപയായിരുന്നു പ്രണോയിയുടെ ലേലത്തുക.

പിബിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഏഴു മത്സരവും ജയിച്ച പ്രണോയ് ലീഗിലെ മികച്ച പുരുഷ താരമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രണോയ്
നിലവില്‍ ലോക റാങ്കിംഗില്‍ 15ആം സ്ഥാനത്താണ്. ഇത്രയും തുക നല്‍കി തന്നെ സ്വന്തമാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് ലേലത്തിനുശേഷം പ്രണോയ് പറഞ്ഞു. 10-15 ലക്ഷം രൂപ അധികം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഇത്രയും വലിയ തുക നല്‍കി തന്നെ സ്വന്തമാക്കിയത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നും പ്രണോയ് വ്യക്തമാക്കി. പുതിയ സീസണെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രണോയ് വ്യക്തമാക്കി.

Scroll to load tweet…

56.1 ലക്ഷം രൂപ നല്‍കി അവാധ് വാറിയേഴ്‌സ് കിഡംബി ശ്രീകാന്തിനെ സ്വന്തമാക്കി. 52 ലക്ഷം രൂപ നല്‍കി സമീര്‍ വര്‍മയെ മുംബൈ റോക്കറ്റ്സും 45 ലക്ഷം രൂപ നല്‍കി അജയ് ജയറാമിനെ നോര്‍ത്ത് ഈസ്റ്റ് വാറിയേഴ്‌സും സ്വന്തമാക്കി. പി.വി.സിന്ധുവിനെ 48.75 ലക്ഷം രൂപയ്‌ക്ക് ചെന്നൈ സ്മാഷേഴ്‌സും സൈന നെഹ്‌വാളിനെ 41.25 ലക്ഷം രൂപയ്‌ക്ക് അവാധ് വാറിയേഴ്‌സും നിലനിര്‍ത്തി.

Scroll to load tweet…