കൊല്‍ക്കത്ത: ഐ എസ്എല്ലിലെ നാടകീയമായ ആദ്യ സെമി ഫൈനലില്‍ കൊല്‍ക്കത്തയ്‌ക്ക് ജയം. ഒന്നാം പാദമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോല്‍പിച്ചു. ഇയാന്‍ ഹ്യൂമിന്റെ ഇരട്ടഗോള്‍ മികവിലാണ് കൊല്‍ക്കത്തയുടെ ജയം.

കളി തുടങ്ങി മൂന്നാം മിനിട്ടില്‍ ബോര്‍ജ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ലാല്‍റിന്‍ഡിക റാള്‍ട്ടേയാണ് കൊല്‍ക്കത്തയുടെ ആദ്യഗോള്‍ നേടിയത്. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരം കൊല്‍ക്കത്തയ്‌ക്കായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. സീസണിലെ ഏറ്റവും വേഗമേറിയ ഗോളുമായി ഇത്. ആദ്യ ഗോളിന്റെ ‍ഞെട്ടലില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന മുംബൈയ്‌ക്കായി ഏഴാം മിനിട്ടില്‍ ബ്രസീല്‍ താരം ലിയോ കോസ്റ്റ സമനില ഗോള്‍ സമ്മാനിച്ചു. ഡീഗോ ഫോര്‍ലാന്റെ ഫ്രീ കിക്കില്‍ നിന്നായിരുന്നു മുംബൈയുടെ സമനിലഗോള്‍ വന്നത്.

മുംബൈയുടെ രണ്ടാം ഗോളിനും വഴിമരുന്നിട്ടത് ഫോര്‍ലാന്റെ ഫ്രീ കിക്ക് ആയിരുന്നു. ഫോര്‍ലാന്റെ ഫ്രീ കിക്കില്‍ നിന്ന് ജേഴ്‌സന്‍ വിയേരയാണ് മുംബൈയ്‌ക്ക് ലീഡ് സമ്മാനിച്ചത്(2-1). ആദ്യ പകുതി തീരാന്‍ അറു മിനിട്ട് ശേഷിക്കെ ഇയാന്‍ ഹ്യൂമിലൂടെ കൊല്‍ക്കത്ത സമനില വീണ്ടെടുത്തു. ആദ്യപകുതിയുടെ അവസാന നിമിഷം ഡീഗോ കോസ്റ്റയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനല്‍റ്റി വലയിലാക്കി ഹ്യൂം കൊല്‍ക്കത്തയുടെ ഗോള്‍ പട്ടിക തികച്ചു. എല്ലാ ഗോളുകളും ഒന്നാം പകുതിയിലായിരുന്നു.

രണ്ടാം പകുതിയില്‍ കളി തീരാന്‍ 16 മിനിട്ട് മാത്രം ബാക്കിയിരിക്കെ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുംബൈയ്‌ക്ക് കനത്ത പ്രഹരമായി. നിര്‍ണായകമായ രണ്ടാം പാദസെമി ചൊവ്വാഴ്ച മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടക്കും.