തനിക്കും വിശ്രമം ആവശ്യമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 3 മികച്ച ഓപ്പണര്‍മാര്‍ ടീമിലുളളതിനാൽ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും കോലി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് കോലി വിശ്രമം ആവശ്യപ്പെട്ടെങ്കിലും സെലക്ടര്‍മാര്‍ വഴങ്ങിയില്ലെന്ന പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു കോലി. 

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തമാണെന്നും കോലി പ്രതികരിച്ചു. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഒരു ടീമായി കളിക്കുമ്പോള്‍ ഓരോത്തര്‍ക്കും വ്യത്യസ്ത ഉത്തരവാദിത്തമുണ്ട്. അത് പോലെ തന്നെ ഓരോത്തരിലും വരുന്ന ജോലി ഭാരവും വ്യത്യസ്തമാണെന്നും കോലി പറഞ്ഞു. 

കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തുടര്‍ച്ചയായി എട്ട് വിജയങ്ങളാണ് നേടിയത്. ശ്രീലങ്കയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്കാകനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി കൂട്ടിച്ചേര്‍ത്തു.