ദില്ലി: അന്താരാഷ്ട്ര കരിയറിനിടയില്‍ വിശ്രമം വേണ്ടി വരുമ്പോള്‍ ചോദിച്ച് വാങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. താരം ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കോലിയെത്തിയത്.

നേരത്തെ കോലി ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് താരം നിലപാട് വ്യക്തമാക്കിയത്. ‘തീര്‍ച്ചയായും എനിക്ക് വിശ്രമം വേണം. വിശ്രമം വേണ്ടപ്പോള്‍ ഞാന്‍ ചോദിച്ച് വാങ്ങും. ഞാന്‍ റോബോട്ട് ഒന്നുമല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍റെ തൊലി ഉരിഞ്ഞ് രക്തം വരുന്നുണ്ടോ എന്ന് നോക്കാം’, കോലി മാധ്യമങ്ങളോട് പറഞ്ഞു.