മുംബൈ: ബിസിസിഐ പ്രസിഡന്റാകാനുള്ള മത്സരത്തിൽ തനിക്ക് മേൽക്കൈ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി തള്ളി. ഗാംഗുലി പ്രസിഡന്റാകണമെന്ന സുനില്‍ ഗാവസ്കറിന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. പ്രസിഡന്റാകാനുള്ള മത്സരത്തില്‍ താനില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി 16 മാസം പൂര്‍ത്തിയാക്കിയ ഗാംഗുലി 2020ന് മുന്‍പ് ബിസിസിഐ നേതൃത്വത്തിലെത്താന്‍ സാധ്യത കുറവാണ്.
അതേസമയം, ബിസിസിഐയിൽ ഇടക്കാല പ്രസിഡന്റിനുള്ള സാധ്യത മങ്ങുന്നുവെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍. അഡ്മിനിസ്ട്രേറ്റര്‍ ഭരണം മതിയാകുമെന്ന നിലപാടിലാണ് ലോധാ സമിതി എന്നാണ് സൂചന. ബിസിസിഐയിലെ മുതിര്‍ന്ന വൈസ് പ്രസിഡന്റ്, പ്രസിഡന്റിന്റെ ചുമതല വഹിക്കണമെന്ന നിര്‍ബന്ധമില്ലെന്ന് ലോധാ സമിതി വൃത്തങ്ങള്‍ പറഞ്ഞു. നിലവിലെ അഞ്ച് വൈസ് പ്രസിഡന്റുമാരും ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിച്ച് അയോഗ്യരാണ്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് നടക്കും വരെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം മതിയാകുമെന്നും സമിതി വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലും അഴിച്ചുപണി ഉറപ്പായി. ടെസ്റ്റ് കളിച്ചവര്‍ക്ക് മാത്രമേ സെലക്ടര്‍മാരാകാന്‍ കഴിയൂ എന്ന നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെ ജിതിന്‍ പരഞ്ജ്പേ ഗഗന്‍ ഖോഡ എന്നിവര്‍ക്ക് സ്ഥാനമൊഴിയേണ്ടിവരും. എംഎസ്‌കെ പ്രസാദ്, ദേവാങ് ഗാന്ധി
ശരൺദിപ് സിംഗ് എന്നിവര്‍ തുടര്‍ന്നേക്കും.
