ഐപിഎല്‍ 2018 ഫൈനല്‍ പോരാട്ടം ഇന്നു വൈകിട്ട് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കും
മുംബൈ: ഐപിഎല് 2018 ഫൈനല് പോരാട്ടം ഇന്നു വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തില് നടക്കും. രണ്ടു തവണ ചാമ്പ്യന്മാരായി മൂന്നാം കിരീടം തേടി ഇറങ്ങുന്ന ചെന്നൈ സൂപ്പര് കിങ്സും കന്നിക്കിരീടത്തിനായി ഇറങ്ങുന്ന കെയ്ന് വില്യംസണ് നയിക്കുന്ന സണ്റൈസേഴ്സും തമ്മിലാണ് ഐപിഎല് ഫൈനല് പോരാട്ടം.
വയസന്മാരുടെ ടീം എന്ന് സീസണിന്റെ തുടക്കത്തില് പഴി കേട്ടിരുന്നവരാണ് ധോണിയുടെ മഞ്ഞപ്പട. എന്നാല് പഴകുന്ന അനുഭവത്തിനു വീര്യമേറുമെന്നാണ് മഞ്ഞപ്പട ഈ സീസണിലുടനീളം കാണിച്ചു തന്നത്. അവസാന ഇലവനായി തിരഞ്ഞെടുക്കുന്നത് ഇതില് ഏറ്റവും ബെസ്റ്റ് തന്നെയാകുമെന്ന് വാര്ത്താസമ്മേളനത്തില് ധോണി പറഞ്ഞു.
വെറ്ററന് സ്പിന്നര് ഹര്ഭജന് സിങ്ങിനെ ടീമില് ഉള്പ്പെടുത്തുന്നതിനെക്കുറിച്ചും ധോണി നയം വ്യക്തമാക്കി. എന്റെ വീട്ടില് നിരവധി കാറുകളും ബൈക്കുകളുമുണ്ട്. എന്നാല് ഒരേ സമയം ഇവയെല്ലാം ഓടിക്കില്ല. ആറും ഏഴും ബൗളര്മാര് ടീമിലുണ്ടായിരിക്കെ ആ സമയത്തെ സ്ഥിതി കണക്കിലെടുക്കണം.
ആരാണ് ആ സമയത്ത് ബാറ്റ് ചെയ്യുന്നതെന്നും ആ പോയിന്റില് എന്താണ് ആവശ്യമെന്നും മുന്കൂട്ടി കണ്ടുവേണം തീരുമാനം എടുക്കാന്. ടീമിന്റെ പൊതുതാല്പര്യം എന്തെന്ന് താന് പരിഗണിക്കുമെന്നും ധോണി കൂട്ടിച്ചേര്ത്തു. ചെന്നൈ സൂപ്പര് കിങ്സിന്റെ 15 മത്സരങ്ങളില് 13 ലും കളിച്ച ഹര്ഭജന് ഏഴു വിക്കറ്റുകള് പിഴുതു.
