മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സിമിതി ബിസിസിഐക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുന്നത് സംബന്ധിച്ച് ഞായറാഴ ചേരുന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. പങ്കെടുക്കുന്ന ടീമുകള്‍ ഏപ്രില്‍ 25ന് മുമ്പ് ടീം പ്രഖ്യാപിക്കണമെന്നായിരുന്നു ഐസിസി നിര്‍ദേശം. എന്നാല്‍ ബിസിസിഐ-ഐസിസിയും തമ്മിലുള്ള വരുമാനം പങ്കിടല്‍ തര്‍ക്കത്തില്‍ പ്രതിഷേധിച്ച് ബിസിസിഐ ടീം പ്രഖ്യാപനം വൈകിപ്പിക്കുകയും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍മാറണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് വിനോദ് റായ് സമിതി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശാല താല്‍പര്യം ഹനിക്കുന്ന തീരുമാനമൊന്നും കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടത്. ഇതിനുപുറമെ ഇന്ത്യന്‍ ടീം അംഗങ്ങളും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍മാറാനുള്ള ബിസിസിഐ തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. ഇക്കാര്യം ടീം കോച്ച് അനില്‍ കുംബ്ലെ ബിസിസിഐയെ ധരിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങുന്നത്.
