ദുബായ്: ഐസിസിയുടെ പുതിയ റാങ്കിംഗ് പുറത്ത് വന്നപ്പോള്‍ ചരിത്രമെഴുതിയത് രണ്ട് അഫ്ഗാന്‍ ബൗളര്‍മാര്‍. റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടംപിടച്ചാണ് അഫ്ഗാന്‍ ബൗളര്‍മാരായ റാഷിദ് ഖാനും മുഹമ്മദ് നബിയയുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. പുതിയ ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ 647 പോയിന്‍റോടെ റാഷിദ് ഖാന്‍ ഏഴാം സ്ഥാനത്തും 618 പോയിന്റുമായി മുഹമ്മദ് നബി പത്താം സ്ഥാനത്തുമാണ്.

ഇതാദ്യമായാണ് ടെസ്റ്റ് പദവിയില്ലാത്ത ഒരു ടീമില്‍ നിന്നും രണ്ട് പേര്‍ക്ക് ഏകദിന റാങ്കിംഗിന്റ ആദ്യ 10 സ്ഥനങ്ങളില്‍ എത്തുന്നത്.
18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റാഷിദ് ഖാന്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് എത്തിയത്. വെസ്റ്റിന്‍ഡീസിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് റാഷിദിന് തുണയായത്. 

ആദ്യ മത്സരത്തില്‍ റാഷിദ് ഖാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏകദിനത്തിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്. അവസാന മത്സരങ്ങളില്‍ നബിയും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. രണ്ടു പേരും ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്‍റെ താരങ്ങളാണ്.

അതെസമയം ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരം പോലും ഏകദിന റാങ്കിംഗില്‍ ഉള്‍പ്പെട്ടില്ല. 20-മത്തെ സ്ഥാനത്തുളള അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. ഭുവനേശ്വര്‍ കുമാര്‍ 23ഉം ജഡേജ 29ഉം ഉമേശ് യാദവ് 41ഉം ഭുംറ 43ഉം സ്ഥാനം പങ്കിടുന്നു.

ഓസ്ട്രേലിയന്‍ ബൗളര്‍ ജോസ് ഹസില്‍വുഡാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കഗിസോ റബാഡ, സുനില്‍ നരെയെന്‍ എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് സ്ഥാനങ്ങള്‍ പങ്കുവെക്കുന്നത്.