വെല്ലിംങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ ഐസിസി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ ആഴ്ച ന്യൂസിലാന്‍റില്‍ ചേരുന്ന ഐസിസി യോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കും. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ വരവോടെ പ്രേക്ഷകരെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ക്ലാസിക്ക് ക്രിക്കറ്റിന്‍റെ തിരിച്ചുവരവാണ് പുതിയ തീരുമാനത്തിലൂടെ ഐസിസി ആലോചിക്കുന്നത്.
2010 ല്‍ തന്നെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ ലീഗ് രീതിയിലേക്ക് മാറ്റുവാന്‍ ഐസിസി ആലോചിച്ചിരുന്നു. എന്നാല്‍ അന്ന് ചില ടെസ്റ്റ് രാജ്യങ്ങള്‍ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ടെസ്റ്റ് കളിക്കുന്ന ഒന്‍പത് രാജ്യങ്ങളെ വച്ചാണ് ടെസ്റ്റ് പരമ്പര നടത്തുവാന്‍ ഐസിസി ആലോചിക്കുന്നത്. രണ്ട് കൊല്ലമായിരിക്കും ലീഗ്. ലീഗില്‍ മുന്നില്‍ എത്തുന്ന രണ്ട് ടീമുകളെ വച്ച് ലോര്‍ഡ്സില്‍ ഫൈനല്‍ നടത്താനാണ് ആലോചന.
2019 ല്‍ ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാം എന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത് എന്നാണ് ഓസ്ട്രേലിയന്‍ പത്രമായ സിഡ്നി മോണിംഗ് ഹെറാള്‍ജഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങള്‍ കളിക്കുന്നു എന്നതിന് അപ്പുറം ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര മാനം ഈ പരമ്പര ഉണ്ടാക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍റ് പറയുന്നു.
