ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് ചരിത്ര നേട്ടം. കരിയറിലാദ്യമായി ജഡേജ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള അശ്വിനും ജഡേജയ്ക്കും 892 റേറ്റിംഗ് പോയന്റുകളാണുള്ളത്. 2008നുശേഷം ഇതാദ്യമായാണ് ബൗളിംഗ് റാങ്കിംഗില്‍ രണ്ടുപേര്‍ ഒരേസമയം ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഒന്നാം റാങ്കില്‍ രണ്ട് സ്പിന്നര്‍മാര്‍ ഒരേസമയം എത്തുന്നത് ഇതാദ്യമാണ്. ഡെയ്ല്‍ സ്റ്റെയിനും മുത്തയ്യ മുരളീധരനുമാണ് മുമ്പ് ഒരേസമയം ഒന്നാം റാങ്ക് പങ്കിട്ടവര്‍. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്.

അതേസമയം, ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. കോലിക്ക് പുറമെ പൂജാര മാത്രമാണ് ആദ്യപത്തിലെ ഇന്ത്യന്‍ സാന്നിധ്യം.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന് തിരിച്ചടിയായി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തെത്തി. ജഡേജയാണ് മൂന്നാം സ്ഥാനത്ത്.