ലോകകപ്പ് ടീമിൽ നിന്ന് റായുഡുവിനെ ഒഴിവാക്കണമെന്ന് മുന്‍ നായകന്‍. റായുഡുവിന് പകരം യുവതാരത്തെ ഉള്‍പ്പെടുത്തണമെന്നും അസ്ഹര്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദ്: ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായുഡുവിനെ ഒഴിവാക്കണമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. റായുഡുവിന് പകരം യുവതാരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണം. നായകന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തുടരണമെന്നും അസ്ഹര്‍ ആവശ്യപ്പെട്ടു.

എം എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തുടര്‍ന്നുള്ള സഥാനങ്ങളിൽ ബാറ്റുചെയ്യണമെന്നും അസ്ഹര്‍ പറഞ്ഞു. ജസ്‌പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ബൗളിംഗിന്‍റെ ചുമതല നൽകണമെന്നും അസ്ഹര്‍ നിര്‍ദേശിച്ചു. 1992, 1996, 1999 ലോകകപ്പുകളില്‍ ഇന്ത്യന്‍ നായകനായിരുന്നു അസ്ഹര്‍.

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാർച്ച് 25ന് പ്രഖ്യാപിക്കും. ഐ സി സിയുടെ പുതിയ നിയമം അനുസരിച്ച് സാധ്യതാ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ലെങ്കിലും പഴയ രീതി തുടരാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ലോകകപ്പിന് മുപ്പത് ദിവസം മുൻപ് പതിനഞ്ചംഗ താരങ്ങളുടെ പട്ടികയാണ് ഐ സി സിക്ക് നൽകേണ്ടത്. ടൂർണമെന്‍റ് തുടങ്ങുന്നതിന് ഏഴ് ദിവസം മുൻപ് വരെ പതിനഞ്ചംഗ ടീമിൽ മാറ്റം വരുത്താനും ടീമുകൾക്ക് അനുവാദമുണ്ട്. മേയ് 30നാണ് ലോകകപ്പിന് തുടക്കമാവുക.