ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഇമ്രാന്‍ ഖാന്‍ വിവാഹം ചെയ്തത്. പിങ്കി പിര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബുഷ്റ മനേകയുടെ രണ്ടാം വിവാഹമാണിത്. 

ഒരു വര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ഇവരില്‍ നിന്നും ആത്മീയ ഉപദേശം സ്വീകരിച്ച് തുടങ്ങിയത്. ബുഷ്റ മനേകയുടെ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടെ ഇവരുടെ അടുപ്പം ദൃഢമാകുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ബുഷ്റയ്ക്ക് അഞ്ച് കുട്ടികള്‍ ഉണ്ട്. 

ലാഹോറില്‍ ബുഷ്റ മനേകയുടെ സഹോദരന്റെ ഭവനത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്. ഇമ്രാന്‍ ഖാന്‍ വിവാഹിതനാകുന്നത് സംബന്ധിച്ച് ജനുവരി മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ അമിത പ്രാധാന്യം കൊടുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിരുന്നു.

1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യ വിവാഹം ചെയ്തത്. ഒമ്പത് വര്ഷം നീണ്ട വിവാഹത്തില്‍ ഇമ്രാന്‍ ഖാന് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. പിന്നീട് ടെലിവിഷന്‍ അവതാരികയെ വിവാഹം ചെയ്തുവെങ്കിലും ഒമ്പത് മാസമേ ആ ബന്ധം നീണ്ടു നിന്നുള്ളൂ. 

Scroll to load tweet…