Asianet News MalayalamAsianet News Malayalam

'ക്ലാസ് പൂജാര'യുടെ സെഞ്ചുറി; ആദ്യ ദിനം മുഖം രക്ഷിച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ...

ind vs ausis 1st test day one report
Author
Adelaide SA, First Published Dec 6, 2018, 1:12 PM IST

അഡ്‌ലെയ്ഡ്‌: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറി ആദ്യദിനം ഇന്ത്യയുടെ മുഖം രക്ഷിച്ചു. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോള്‍ പ്രതിരോധിച്ച് കളിച്ച പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്‍റെ 'റിയല്‍ ക്ലാസ്' കാട്ടുകയായിരുന്നു. 246 പന്തില്‍ 123 റണ്‍സുമായി പൂജാര പുറത്തായതോടെ ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട് കോലിയെ മൂന്ന് റണ്‍സില്‍ നില്‍ക്കേ ഖവാജയുടെ പറക്കും ക്യാച്ചില്‍ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി.

മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ രണ്ടാം സെഷനില്‍ ആക്രമിച്ച് കളിച്ചുതുടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ആവേശമാണ് വിനയായത്. 38-ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സിക്‌സിനുള്ള ഹിറ്റ്‌‌മാന്‍റെ ശ്രമം ഹാരിസിന്‍റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്. 

മിന്നും വേഗത്തില്‍ തുടങ്ങിയ റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ലിയോണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പെയ്‌നിന് ക്യാച്ച് നല്‍കി പന്ത് മടങ്ങി. 38 പന്തില്‍ പന്ത് നേടിയത് 25 റണ്‍സ്. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. പിന്നാലെ അശ്വിനെ കൂട്ടുപിടിച്ചായി പൂജാരയുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 76 പന്തില്‍ 25 റണ്‍സെടുത്ത അശ്വിനെ 74-ാം ഓവറില്‍ കമ്മിണ്‍സ് പുറത്താക്കിയത് തിരിച്ചടിയായി.

ഇശാന്തിനും തിളങ്ങാനായില്ല. 20 പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് ബൗള്‍ഡാക്കി. എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 210 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാര സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഒന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു.  87.5 ഓവറുകളാണ് ഇന്ന് എറിഞ്ഞത്. ആറ് റണ്‍സുമായി ഷമിയും അക്കൗണ്ട് തുറക്കാന്‍ ബൂംമ്രയും രണ്ടാം ദിനം ബാറ്റിംഗ് ആരംഭിക്കും.

Follow Us:
Download App:
  • android
  • ios