എം എസ് ധോണി വളരെ സിംപിളും പവര്‍ഫുള്‍ ആണെന്ന് ഓസീസ് താരങ്ങള്‍. ടിം പെയ്‌ന്‍, ഉസ്‌മാന്‍ ഖവാജ, കമിന്‍സ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം. 

സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയെ പുകഴ്‌ത്തി ഓസീസ് താരങ്ങള്‍‍. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് താരങ്ങള്‍ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ധോണി. ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സിയും വളരെ സിംപിളായി കൈകാര്യം ചെയ്യുന്നതാണ് ധോണിയുടെ കളി കാണുമ്പോള്‍ ഇഷ്ടപ്പെടുന്നത്. ക്രിക്കറ്റ് സങ്കീര്‍ണമായ ഗെയിമാണ്. എന്നാല്‍ ധോണി ഇക്കാലത്തും വളരെ സിംപിളായി ക്രിക്കറ്റിനെ സമീപിക്കുന്നത് ആസ്വദിക്കുന്നതായും ടീം പെയ്‌ന്‍ പറഞ്ഞു.

സമ്മര്‍ദങ്ങളില്ലാതെയാണ് ധോണി കളിക്കുന്നതെന്ന് പേസര്‍ പാറ്റ് കമിന്‍സും പറഞ്ഞു. മൈതാനത്തുള്ള ധോണിയുടെ സമീപനമാണ് തന്‍റെ വലിയ ഓര്‍മയെന്നും കമിന്‍സ് പറഞ്ഞു. ഐപിഎല്‍, ലോകകപ്പ്, ടെസ്റ്റ് എന്നിവയിലൊക്കെ അവിശ്വസനീയ കിരീടങ്ങള്‍ ധോണി നേടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് സ്റ്റംപ് പിഴുത് ധോണി ഗ്രൗണ്ട് വിടുന്നതെന്നും കമിന്‍സ് പറഞ്ഞു. 

ഓസീസ് ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ച ഉസ്‌മാന്‍ ഖവാജയും ധോണിയെ കുറിച്ച് വാചാലനായി. ധോണി ഇതിഹാസ താരമാണ്. ഇതേസമയം സമ്മര്‍ദങ്ങളില്ലാതെയാണ് അദേഹം കളിക്കുന്നത്. ധോണിക്കൊപ്പം കളിക്കുന്നത് ഇഷ്ടമാണെന്നും ഖവാജ പറഞ്ഞു. ഐപിഎല്ലില്‍ റൈസിംഗ് പുനെ സൂപ്പര്‍ ജയിന്‍റ്സില്‍ ധോണിയുടെ സഹതാരമായിരുന്നു ഖവാജ.