സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനം കാഴ്‌ച്ചവെക്കുന്ന ഓസീസ് ബാറ്റ്സ്‌മാന്‍മാരെ വിമര്‍ശിച്ച് മുന്‍ താരം ബ്രാഡ് ഹോഡ്‌ജ്. ബാറ്റിംഗ് വിലയിരുത്തിയാല്‍ പരമ്പര നിരാശയാണ് സമ്മാനിക്കുന്നത്. ബാറ്റിംഗ് ശരാശരി വളരെ മോശം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതികതയും അഭിരുചിയും ഓസീസ് താരങ്ങള്‍ കൈവിട്ടതായും ഹോഡ്‌ജ് പറഞ്ഞു. 

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പെര്‍ത്തില്‍ ഈ ടീം ടെസ്റ്റ് ജയിച്ചിരുന്നു. അതിനാല്‍ വളരെയധികം പ്രതീക്ഷ അടുത്ത മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരിലുണ്ടാകും. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 200 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാകാതെ വരുന്നത് സങ്കീര്‍ണതയാണ്. ഓസീസ് ടീമില്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും മികച്ച താരങ്ങളുടെ ചരിത്രം ടീമിനുണ്ടെന്നും സ്‌മിത്തിനെയും വാര്‍ണറെയും പരാമര്‍ശിച്ച് ഹോഡ്‌ജ് പറഞ്ഞു. 

ബാറ്റ്സ്‌മാന്‍മാര്‍ നിറംമങ്ങിയ പരമ്പരയില്‍  1-2ന് പിന്നിലാണ് ഓസീസ്. ഒരു ഓസീസ് ബാറ്റ്സ്‌മാന് പോലും ഈ പരമ്പരയില്‍ ശതകം തികയ്ക്കാനായില്ല. ഇതോടെ ഓസീസ് ടീമില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാരെ കണ്ടുപഠിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ജസ്റ്റിന്‍ ലാഗറും രംഗത്തെത്തി. 

എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബൂംമ്രയുടെയും ചേതേശ്വര്‍ പൂജാരയുടെയും പ്രകടനങ്ങളെ ബ്രാഡ് ഹോഡ്ജ് പുകഴ്ത്തി. ബൂംമ്ര ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമാണെന്ന് പറഞ്ഞ ഹോഡ്ജ് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും വ്യക്തമാക്കി. മൂന്നാം തിയതി സിഡ്‌നിയില്‍ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കും.