സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയില്‍. 42 റണ്‍സുമായി മായങ്ക് അഗര്‍വാളും 16 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

പരമ്പരയിലെ മോശം പ്രകടനം സിഡ്നിയെ ആദ്യ ഇന്നിംഗ്സിലും തുടരുകയായിരുന്നു രാഹുല്‍. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ രണ്ടാം മത്സരത്തിലും മികവ് തുടരുന്ന അഗര്‍വാളും 'രണ്ടാം വന്‍മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ നയിക്കുകയായിരുന്നു.

പരമ്പരാഗതമായി സ്‌പിന്നിനെ തുണയ്ക്കുന്ന സിഡ്‌നി ഗ്രൗണ്ടില്‍ രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബൂംമ്രയുമാണ് ടീമിലെ പേസര്‍മാര്‍. ആര്‍ അശ്വിന് അവസാന ഇലവനില്‍ സ്ഥാനം പിടിക്കാനാകാതെ പോയപ്പോള്‍ ജഡേജയ്ക്കൊപ്പം കുല്‍ദീപ് ടീമിലെത്തി. നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് രാഹുല്‍ ടീമിലെത്തിയത്. എന്നാല്‍ ഉമേഷ് യാദവിന് അവസാന പതിനൊന്നില്‍ ഇടംപിടിക്കാനായില്ല.