സിഡ്‌നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. 199 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പൂജാരയുടെ 18-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. പൂജാരയ്ക്കൊപ്പം ഹനുമാ വിഹാരിയാണ് ക്രീസില്‍. രാഹുല്‍, മായങ്ക്, കോലി, രഹാനെ എന്നിവരാണ് പുറത്തായത്. 

പരമ്പരയിലെ മോശം പ്രകടനം സിഡ്നിയിലെ ആദ്യ ഇന്നിംഗ്സിലും തുടരുകയായിരുന്നു രാഹുല്‍. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ തന്‍റെ രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന  അഗര്‍വാളും 'രണ്ടാം വന്‍മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ ഇന്ത്യയെ നയിച്ചു. 

ഉച്ചഭക്ഷണശേഷം ആവേശം അല്‍പം അതിരുകടന്നത് മായങ്കിന് വിനയായി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം സെഷനില്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിംഗ്സിന് വേഗം കൂട്ടി. 34-ാം ഓവറിലെ നാലാം പന്തില്‍ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാല്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ വീണ്ടും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്ക് പിടിച്ച് പുറത്തായി. 

രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് മായങ്ക്- പൂജാര സഖ്യം നേടി. പൂജാരയ്ക്കൊപ്പം നായകന്‍ വിരാട് കോലി ചേര്‍ന്നതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടുകെട്ട് പ്രതീക്ഷിച്ചു. എന്നാല്‍ 59 പന്തില്‍ 23 റണ്‍സെടുത്ത കോലിയെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ പെയ്‌നിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാര്‍ക്കിന്‍റെ അപ്രതീക്ഷിത ബൗണ്‍‍സറില്‍ പന്ത് ഗ്ലൗസില്‍ തട്ടി രഹാനെ(18) പെയ്‌നിന്‍റെ കൈകളിലവസാനിച്ചു. എന്നാല്‍ 73-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തി പൂജാര സെഞ്ചുറി തികച്ചു.