സി‌ഡ്‌നി: ഇന്ത്യ- ഓസീസ് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം തീ തുപ്പി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തുകള്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 145 കി.മിയിലേറെ വേഗതയില്‍ മിന്നല്‍ ബൗണ്‍സറുകള്‍ ചീറിപ്പായുകയായിരുന്നു. ഇത്തരമൊരു പന്തിലാണ് ഇന്ത്യന്‍ മധ്യനിരയിലെ കരുത്തനായ അജിങ്ക്യ രഹാനെ പുറത്തായത്.

75-ാം ഓവറിലെ രണ്ടാം പന്തിലാണ് സ്റ്റാര്‍ക്ക് തൊടുത്ത വെടിയുണ്ട രഹാനെയെ പവലിയനിലെത്തിച്ചത്. അപ്രതീക്ഷിത ബൗണ്‍സര്‍ മുഖത്ത് കൊള്ളാതിരിക്കാന്‍ വില്ലുപോലെ രഹാനെ പിന്നോട്ടുവളഞ്ഞു. എന്നാല്‍ ഗ്ലൗസില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പര്‍ ടീം പെയ്‌നിന്‍റെ കൈകളില്‍ സുരക്ഷിതമായി അവസാനിക്കുകയായിരുന്നു.

രഹാനെ 55 പന്തില്‍ 18 റണ്‍സുമായി നിലയുറപ്പിക്കാന്‍ ശ്രമിക്കവെയാണ് സ്റ്റാര്‍ക്ക് വില്ലനായത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ നാലാമനായാണ് രഹാനെ പുറത്തായത്.