മികച്ച ബാറ്റ്സ്‌മാനെ വെളിപ്പെടുത്തി ആകാശ് ചോപ്ര. പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ കോലി പുറത്തെടുത്ത മാസ്‌മരിക പ്രകടനത്തെ പ്രശംസിച്ചുള്ള ട്വീറ്റിലാണ് ചോപ്രയുടെ പരാമര്‍ശം...

പെര്‍ത്ത്: ലോകത്തിലെ മികച്ച ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്ന് മുന്‍ താരം ആകാശ് ചോപ്ര. പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ കോലി പുറത്തെടുത്ത മാസ്‌മരിക പ്രകടനത്തെ പ്രശംസിച്ചുള്ള ട്വീറ്റിലാണ് ചോപ്രയുടെ പരാമര്‍ശം. പെര്‍ത്തിലെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതല്ലെന്നും എന്നാല്‍ കോലി അത്ഭുതകരമായ മികവ് കാട്ടിയെന്നും ചോപ്ര പറഞ്ഞു.

"സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കോലി പുറത്തെടുക്കുന്ന മികവ് അവിശ്വസനീയമാണ്. വെല്ലുവിളിയുള്ള പിച്ചിലും നിലവാരമുള്ള ആക്രമണം കാഴ്‌ച്ചവെക്കുന്നു. മികച്ച മാര്‍ജിനില്‍ കോലിയാണ് ലോകത്തെ മികച്ച താരം" എന്ന് ചോപ്ര കുറിച്ചു.

Scroll to load tweet…

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ 82 റണ്‍സ് എടുത്തിട്ടുണ്ട് ഇന്ത്യ നായകന്‍. അജിങ്ക്യ രഹാനെക്കൊപ്പം നാലാം വിക്കറ്റില്‍ 90 റണ്‍സ് ഇതിനകം കോലി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 51 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ മൂന്നാം ദിനം കളി ആരംഭിക്കും. ഓസ്‌ട്രേലിയന്‍ സ്‌കോറിനേക്കാള്‍ 154 റണ്‍സ് പിന്നിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയ 326 റണ്‍സില്‍ പുറത്തായിരുന്നു.