മെല്‍ബണ്‍: ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും വംശീയമായി അധിക്ഷേപിച്ച മെല്‍ബണിലെ കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താക്കീത്. മെല്‍ബണ്‍ ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത്. എംസിജിയിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന കാണികള്‍ വിസ കാണിക്കാന്‍ ഇന്ത്യന്‍ ആരാധകരോട് ആക്രോശിച്ചിരുന്നു.

വംശീയാധിക്ഷേപം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ദ്യശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിക്‌ടോറിയ പൊലിസിനും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ടെന്നും ഒരു ക്രിക്കറ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിക്‌ടോറിയ പൊലിസും സ്റ്റേഡിയം സുരക്ഷാവിഭാഗവും കാണികളുടെ പെരുമാറ്റം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായല്ല മെല്‍ബണിലെ കാണികള്‍ വംശീയാധിക്ഷേപത്തിന് പഴി കേള്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2005ലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പേസര്‍ ആന്ദ്രേ നെല്ലിനെതിരെ വംശീയാധിക്ഷേപം ഉയര്‍ന്നത് വലിയ വിവാദമായിരുന്നു. അന്നും കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.