നായകന്‍ വിരാട് കോലിയെയും ഉപനായകന്‍ അജിങ്ക്യ രഹാനെയെയും പ്രശംസിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മുന്‍ താരം ഡീന്‍ ജോണ്‍സും ഇന്ത്യന്‍ സഖ്യത്തിന് കയ്യടിച്ച് രംഗത്തെത്തി... 

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയെ കാത്ത നായകന്‍ വിരാട് കോലിയെയും ഉപനായകന്‍ അജിങ്ക്യ രഹാനെയെയും പ്രശംസിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. "എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ കാട്ടിയ പോരാട്ടം വലിയ പ്രശംസ അര്‍ഹിക്കുന്നു. കോലി അവിശ്വസനീയമാം വിധം ബാറ്റ് വീശിയപ്പോള്‍ രഹാനെ അസാധാരണ പ്രകടനം കാഴ്‌ച്ചവെച്ചു" എന്നും ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

മുന്‍ താരം ഡീന്‍ ജോണ്‍സും കോലി- രഹാനെ കൂട്ടുകെട്ടിനെ പ്രശംസിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയുടെ 326 റണ്‍സ് പിന്തുടരവെ എട്ട് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറികളുമായി ഇരുവരും ഇന്ത്യയുടെ മതില്‍ കെട്ടി. 24 റണ്‍സെടുത്ത പൂജാരയെയും നഷ്ടമായതോടെ ഇന്ത്യക്ക് 82 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ നാലാം വിക്കറ്റില്‍ പുറത്താകാതെ 90 റണ്‍സ് കൂട്ടുകെട്ടിലൂടെ കോലിയും രഹാനെയും ഇന്ത്യയെ കരകയറ്റി.

Scroll to load tweet…

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോലി 181 പന്തില്‍ 82 റണ്‍സുമായും രഹാനെ 103 പന്തില്‍ 51 റണ്‍സുമായും ക്രീസിലുണ്ട്.