പൂജാര ക്രീസിലുള്ളപ്പോള്‍ റണ്‍റേറ്റ് കൂട്ടുക എപ്പോഴും ഇന്ത്യക്ക് പ്രയാസമാണ്. നന്നായി സ്‌ട്രോക്കുകള്‍ കളിക്കാന്‍ കഴിവുള്ള താരങ്ങളും മെല്ലപ്പോക്ക് തുടങ്ങിയാല്‍ റണ്‍റേറ്റ് കൂട്ടാന്‍ കഴിയില്ല...

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ഇന്ത്യയുടെ ഇഴച്ചിലിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. രണ്ട് ദിനം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സ് മാത്രമാണെടുത്തത്. ഇന്ത്യ ജയിച്ചാന്‍ അത് ഗംഭീരമായിരിക്കും. എന്നാല്‍ ഓസ്‌ട്രേലിയയെ രണ്ടിന്നിംഗ്‌സിലും ഓള്‍ഔട്ടാക്കാന്‍ സമയം ലഭിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് പോണ്ടിംഗ് പറഞ്ഞു.

പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ പൂജാരയെ പോണ്ടിംഗ് അഭിനന്ദിച്ചു. എന്നാല്‍ പൂജാര ക്രീസിലുള്ളപ്പോള്‍ റണ്‍റേറ്റ് കൂട്ടുക എപ്പോഴും ഇന്ത്യക്ക് പ്രയാസമാണെന്ന് ഇതിഹാസ താരം വിമര്‍ശിച്ചു. നന്നായി സ്‌ട്രോക്കുകള്‍ കളിക്കാന്‍ കഴിവുള്ള താരങ്ങളും മെല്ലെപ്പോക്ക് തുടങ്ങിയാല്‍ റണ്‍റേറ്റ് കൂട്ടാന്‍ കഴിയില്ലെന്നും ഫ്ലാറ്റ് വിക്കറ്റുകളില്‍ ടെസ്റ്റ് ജയിക്കാന്‍ പ്രയാസമാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

ഒന്നാം ഇന്നിംഗ്സില്‍ 319 പന്തുകള്‍ നേരിട്ടാണ് പൂജാര 106 റണ്‍സ് നേടിയത്. ഇതേസമയം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാറുള്ള വിരാട് കോലിക്ക് 82 റണ്‍സ് നേടാന്‍ 204 പന്തുകളും വേണ്ടിവന്നു. ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റ്സ്‌മാന്‍മാരില്‍ ആര്‍ക്കും 50ലധികം സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം കൊണ്ട് 451 റണ്‍സ് മാത്രമാണ് മെല്‍ബണിലെ പിച്ചില്‍ പിറന്നത്.