നിര്‍ണായക നാലാം ടെസ്റ്റില്‍ ക്രിസ് വോക്‌സ് കളിക്കുന്ന കാര്യം സംശയത്തില്‍. അടുത്ത മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര കിട്ടും. 

സതാംപ്റ്റണ്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി. പരിക്കേറ്റ പേസ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന് മത്സരം നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വലതുകാല്‍ തുടയ്ക്ക് പരിക്കേറ്റ താരം പരിശീലനത്തിനിറങ്ങിയില്ല. നേരത്തെ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കിടയിലും താരത്തിന്‍റെ പരിക്ക് ഇംഗ്ലണ്ടിനെ വലച്ചിരുന്നു. ഓഗസ്റ്റ് 30 മുതല്‍ സതാംപ്റ്റണിലാണ് നാലാം ടെസ്റ്റ്. ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര നേടാം.

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 137 റണ്‍സും നാല് വിക്കറ്റും വീഴ്‌ത്തി മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം വോക്‌സ് നേടിയിരുന്നു. വോക്‌സിന് പകരം മറ്റാരെയും ടീമിലെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതികരണം. എന്നാല്‍ വോക്‌സിന് കളിക്കാനാവാതെ വന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ തിളങ്ങിയ സാം കുരാന് അവസരം നല്‍കിയേക്കും. മൂന്നാം ടെസ്റ്റില്‍ കുരാന്‍ കളിച്ചിരുന്നില്ല.