ഓവലില്‍ ബാറ്റിംഗിനിറങ്ങിയ കുക്കിന് ഇന്ത്യന്‍ താരങ്ങളുടെ ഗാർഡ് ഓഫ് ഓണർ. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കുക്ക് എന്ന് തെളിയിക്കുന്നതായി ഈ ദൃശ്യങ്ങള്‍.
ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിന് ഓവലില്‍ ഇന്ത്യന്‍ ടീം ഒരുക്കിയത് രാജകീയ സ്വീകരണം. ഓപ്പണറായി ആദ്യ ഇന്നിംഗ്സിന് മൈതാനത്തേക്ക് ഇറങ്ങിയ കുക്കിന് ഇന്ത്യന്‍ താരങ്ങള്‍ ചേർന്ന് ഗാർഡ് ഓഫ് ഓണർ നല്‍കി. കാണികളും നിറകൈയടികളോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇംഗ്ലീഷ് റണ്‍മെഷീനെ ക്രീസിലേക്ക് പറഞ്ഞയച്ചത്.
ഓവല്‍ ടെസ്റ്റോടെ വിരമിക്കുമെന്ന് കുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇംഗ്ലീഷ് താരത്തിന് അർഹമായ യാത്രയപ്പ് ക്രിക്കറ്റ് ലോകം നല്‍കുമെന്ന് ഉറപ്പായിരുന്നു. 12 വർഷം നീണ്ട ഇതിഹാസ കരിയറിനാണ് കുക്ക് ഓവലില്‍ വിരാമമിടുന്നത്. ടെസ്റ്റ് റണ്‍വേട്ടയില്‍ 12,000ത്തിലധികം റണ്‍സുമായി ആറാമതുണ്ട് ഇംഗ്ലീഷ് ഓപ്പണർ. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരില്‍ ഒരാളെന്ന പേരെടുത്താണ് കുക്ക് പടിയിറങ്ങുന്നത് എന്നായിരുന്നു ടോസിനിടെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ പ്രതികരണം.
