നോട്ടിംഗ്‌ഹാം‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് ഇതിഹാസങ്ങളെ പിന്നിലാക്കി ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. ടെസ്റ്റില്‍ നായകനായി ഇരുനൂറോ അതിലധികമോ റണ്‍സ് നേടിയ മത്സരങ്ങള്‍ വിജയിച്ചതിന്‍റെ എണ്ണത്തിലാണ് കോലിക്ക് റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരായ ട്രെന്‍റ് ബ്രിഡ്‌‍ജ് ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. 

ഇത് ഏഴാം തവണയാണ് കോലി ഇരുനൂറോ അതിലധികമോ റണ്‍സ് നേടിയ ടെസ്റ്റ് ഇന്ത്യ വിജയിക്കുന്നത്. ട്രെന്‍റ് ബ്രിഡ്‌ജ് ടെസ്റ്റില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം കോലിക്കായിരുന്നു. മത്സരത്തില്‍ 97, 103 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. ടെസ്റ്റ് കരിയറിലാകെ 10 തവണ ഇത്രത്തോളം റണ്‍സ് കണ്ടെത്താനും ഇന്ത്യന്‍ ബാറ്റ്സ്‌മാനായി. ഈ പരമ്പരയില്‍ രണ്ട് തവണ 200 മാര്‍ജിന്‍ കോലി കടന്നിട്ടുണ്ട്. 

നായകനായിരിക്കുമ്പോള്‍ ബ്രോഡ്മാനും പോണ്ടിംഗും ആറ് തവണയാണ് 200ലധികം സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ നാലും ഇന്ത്യക്കെതിരെ രണ്ട് തവണയുമായിരുന്നു ബ്രാഡ്മാന്‍റെ നേട്ടം. എന്നാല്‍ പോണ്ടിംഗ് രണ്ട് തവണ വീതം പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓരോ തവണ വെസ്റ്റിന്‍ഡിസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയുമാണ് 200 കടന്നത്.