വാംഖഡയിലെ റണ്‍പേമാരിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് സൂര്യകുമാര്‍ യാദവിന്റെ സംഘത്തെ കൈപിടിച്ചുകയറ്റിയത് അക്‌സര്‍ പട്ടേലിന്റെ ക്യാച്ചുകള്‍ കൂടിയായിരുന്നു
1983 ഏകദിന ലോകകപ്പ് ഫൈനലില്‍ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കാൻ കപില്‍ ദേവ് എടുത്ത റണ്ണിങ്ങ് ക്യാച്ച് ഓര്‍മയില്ലെ. പിന്നീട് 2007 ടി20 ലോകകപ്പ് കലാശപ്പോരില്‍ പാക്കിസ്ഥാനെതിര ഷോര്‍ട്ട് ഫൈൻ ലെഗില്‍ ശ്രീശാന്തിന്റെ സുരക്ഷിതമായ കൈകള്‍. കെനിങ്ടണ്‍ ഓവലില്‍ രോഹിത് ശര്‍മയ്ക്ക് നഷ്ടപ്പെട്ടുപോയെന്നുറപ്പിച്ച കിരീടം തിരികെ നല്‍കിയ സൂര്യകുമാര്‍ യാദവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഐക്കോണിക്കായ മൂന്ന് ക്യാച്ചുകള്‍. മൂന്ന് മാച്ച് ഡിഫൈനിങ് മൊമന്റുകള്‍.
വാംഖഡയില്‍ നിന്ന് അഹമ്മദാബാദിലേക്ക് സൂര്യകുമാര്‍ യാദവിന്റെ സംഘത്തെ കൈപിടിച്ചുകയറ്റിയതും അത്തരം ചില നിമിഷങ്ങളായിരുന്നു. സഞ്ജുവിന്റെ സെല്‍ഫ്‌ലസ് ഇന്നിങ്സിനും ബുംറയുടെ കൃത്യതയ്ക്കും ജേക്കബ് ബെഥലിന്റെ പോരാട്ടത്തിനുമൊപ്പം ചേര്‍ത്തുവെക്കാൻ കഴിയുന്ന രണ്ട് ക്യാച്ചുകള്‍. An Axar Patel Brilliance.
ആദ്യ മൊമന്റ് സംഭവിക്കുന്നത് നാലാം ഓവറിലെ ആദ്യ പന്തിലാണ്. 254 എന്ന ടാർഗറ്റ്. ഫില്‍ സാള്‍ട്ട് മടങ്ങി. ക്രീസിലുള്ളത് മോശം ഫോമിലുള്ള ജോസ് ബട്ട്‌ലർ. ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് ഒരു ടിപ്പിക്കല്‍ ഹാരി ബ്രൂക്ക് ഇന്നിങ്സ് അനിവാര്യമായിരുന്നു. പക്ഷേ, ബുംറയുടെ സ്ലോ ബോള്‍ ബ്രൂക്കിന്റെ കണക്കുകൂട്ടലെല്ലാം തെറ്റിക്കുകയാണ്. ഷോട്ടിലേക്ക് അല്‍പ്പം നേരത്തെ കടന്ന ബ്രൂക്കിന്റെ ബാറ്റില്‍ നിന്ന് പന്ത് കവറിലേക്ക് ഉയർന്ന് പൊങ്ങി.
പോയിന്റിലായിരുന്നു അക്സർ നിലയുറപ്പിച്ചിരുന്നത്. പന്തില്‍ നിന്ന് കണ്ണെടുക്കാതെ അയാള്‍ പിന്നോട്ടോടി. ഒന്നും രണ്ടുമല്ല 24 മീറ്റർ. ഇത്തരം ക്യാച്ചുകള്‍ പൂർണമാകണമെങ്കില്‍ ഫീല്‍ഡറുടെ ജഡ്‌ജ്‌മെന്റ് കൃത്യമായിരിക്കണം, ശരീരത്തിന്റെ ബാലൻസ് അതിനൊപ്പം നില്‍ക്കം. ആകാശത്ത് നിന്ന് പന്ത് മൈതാനത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും അക്സർ ഇത് രണ്ടും കൈവരിച്ചിരുന്നു. ശ്വാസമടക്കിപ്പിടിച്ചിരുന്ന ഗ്യാലറിക്ക് മുന്നിലേക്ക് അക്‌സർ ഡൈവ് ചെയ്ത് വീണു. അപ്പോഴേക്കും ക്യാച്ച് അക്സർ കൈപ്പിടിയിലൊതുക്കിയിരുന്നു. അബ്‌സല്യൂട്ട് ബ്യൂട്ടിയെന്ന് രവി ശാസ്ത്രി വാഴ്ത്തി.
സെമി ഫൈനല്‍ അതിന്റെ ഏറ്റവും ത്രില്ലിങ്ങായ ഫേസിലേക്ക് കടന്നപ്പോഴായിരുന്നു അക്സറിന്റെ രണ്ടാം വരവ്. ജേക്കബ് ബെഥല്‍ - വില്‍ ജാക്‌സ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാമ്പില്‍ പ്രതീക്ഷ പാകുകയായിരുന്നു. കൂട്ടുകെട്ട് 39 പന്തില്‍ 77ല്‍ എത്തി. ജാക്‌സിനെ ഡീപില്‍ എത്തിക്കാൻ നിരന്തരം വൈഡ് യോര്‍ക്കറുകള്‍ക്ക് ശ്രമിക്കുകയാണ് അര്‍ഷദീപ് സിങ്ങ്. മൂന്ന് തവണ പാളിയ ശ്രമം. 14-ാം ഓവറിലെ അവസാന പന്ത്. ഒടുവില്‍ ആ ലോ ഫുൾ ടോസില്‍ ജാക്ക്‌സ് തന്റെ ബാറ്റ് വെച്ചു.
നിമിഷനേരംകൊണ്ട് ഡീപ് പോയിന്റിലേക്ക് ആ പന്ത് ഉയര്‍ന്ന് പൊങ്ങി. ബ്രൂക്കിന്റെ ഷോട്ടിന് സമാനമായി അന്തരീക്ഷത്തില്‍ അധികസമയം നിലനിന്നില്ല പന്ത്. ഡീപ് കവര്‍ പോയിന്റിനും ഡീപ് ബാക്ക്‌വേഡിനും ഇടയിലൂടെ ആ പന്ത് ബൗണ്ടറി റോപ്പ് കടക്കുമെന്ന് ഉറപ്പിച്ചു. ഹിയർ കംസ് അക്‌സർ പട്ടേല്‍ എഗെയിൻ. ഡീപ് കവറില്‍ നിന്ന് ഫുള്‍ സ്പ്രിന്റില്‍ ഡീപ് പോയിന്റിലേക്ക്. ശരീരത്തിന്റെ ബാലൻസ് പൂർണമായും നഷ്ടപ്പെട്ടെങ്കിലും സ്പ്രിന്റ് പൂർത്തിയാക്കുമ്പോള്‍ അക്‌സര്‍ ആ പന്തിന്റെ തന്റെ വരുതിയിലാക്കി..
ശേഷമായിരുന്നു അക്‌സറിന്റെ ഗെയിം അവയർനെസ്. പന്ത് തന്റെ കൈകളില്‍ നിന്ന് നഷ്ടമായേക്കാം, അല്ലെങ്കില്‍ ശരീരം ബൗണ്ടറി റോപ്പ് കടന്നേക്കാം. സമീപത്തുണ്ടായിരുന്ന ദുബെയുടെ കൈകളിലേക്ക് അക്‌സര്‍ പന്ത് സുരക്ഷിതമായി കൈമാറി. സ്ക്രീമര്‍, ഇന്ത്യൻ ടീം അക്‌സറിലേക്ക് ഒഴികെയെത്തി, സൂര്യകുമാര്‍ യാദവ് അക്‌സറിനെ വാരിപ്പുണര്‍ന്നു. വാംഖഡയുടെ ആദരവും നിലയ്ക്കാത്ത ആരവങ്ങളും അക്‌സറിന്. മൊമന്റ് ഓഫ് ദ മാച്ച്.
ബെഥല്‍ - ജാക്ക്സ് കൂട്ടുകെട്ട് തകര്‍ന്ന നിമിഷമായിരുന്നു ഇന്ത്യയുടെ സാധ്യതകള്‍ വീണ്ടും സജീവമായത്. ഇംഗ്ലണ്ടിന് വിനയായത് ഹാരി ബ്രൂക്ക് കൈവിട്ട സഞ്ജുവിന്റെ ക്യാച്ചായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത് അക്സറിന്റെ അസാധാരണമായ രണ്ട് ക്യാച്ചുകളായിരുന്നു. ടൂര്‍ണമെന്റിലുടനീളം 13 ക്യാച്ചുകള്‍ കൈവിട്ട നാണക്കേടിലെത്തിയ ഇന്ത്യ അത് വാംഖഡയില്‍ തിരുത്തി.
Powered by:



