രോഹിത് ശര്‍മ്മ, വിരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങളുടെ നിരയിലേക്ക് ഹനുമാന്‍ വിഹാരി. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ...

ഓവല്‍: അരങ്ങേറ്റ ടെസ്റ്റില്‍ ആരും കൊതിക്കുന്ന തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അതും ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ കരകയറ്റുന്ന ഇന്നിംഗ്സ്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരത്തെ പോലും പിന്നിലാക്കി ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അവസരം ലഭിച്ച ഹനുമാ വിഹാരി അവസരം മുതലാക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ അഭിമാന നേട്ടത്തിലെത്താനും യുവ താരത്തിനായി. 

അരങ്ങേറ്റ ടെസ്റ്റില്‍ ആറാം നമ്പറില്‍ ഉയര്‍ന്ന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാമനായി വിഹാരി. 177 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഉയര്‍ന്ന റണ്‍സ് നേടിയ ഇന്ത്യന്‍ താരം. റെയ്‌ന(120), സെവാഗ്(105), അംറേ(103) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍‍. ഓവലില്‍ ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സ് സ്വന്തമാക്കിയ വിഹാരിയാണ് വമ്പന്‍മാരുടെ പട്ടികയില്‍ അടുത്തത്. 124 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിഹാരിയുടെ ഇന്നിംഗ്സ്. മൊയിന്‍ അലിക്കാണ് വിക്കറ്റ്.