ഓവലിലെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നിലെ മന്ത്രം വെളിപ്പെടുത്തി ഇംഗ്ലീഷ് ബാറ്റ്സ്മാന്‍. ബട്ട്‌ലറുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 

ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് രക്ഷകനാവുകയായിരുന്നു ജോസ് ബട്ട്‌ലര്‍. നിര്‍ണായകമായ 89 റണ്‍സ് ഇന്നിംഗ്സിലൂടെ ബട്ട്‌ലര്‍ ഇന്ത്യയെ മുറിവേല്‍പിച്ചു. ഏഴ് വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ച നേരിടുമ്പോഴായിരുന്നു ബട്ട്‌ലര്‍ ഷോ. ഒന്നാം ഇന്നിംഗ്സില്‍ ബട്ട്‌ലര്‍ കരുത്തില്‍ 332 എന്ന ഭേദപ്പെട്ട സ്‌കോര്‍ ഇംഗ്ലണ്ടിന് പടുത്തുയര്‍ത്താനായി.

ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയ ഈ ഇന്നിംഗ്സിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് താരം. സാഹചര്യങ്ങള്‍ അവശ്യപ്പെടുന്നതിന് അനുസരിച്ച് ബാറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ബട്ട്‌ലര്‍ പറയുന്നു. 'വാലറ്റത്തിനൊപ്പമാണ് ബാറ്റ് ചെയ്യുന്നത് എന്ന് ചിന്തിച്ചേയില്ല. ആ സാഹചര്യത്തില്‍ പതുക്കെ തുടങ്ങി പതിയെ ഗിയര്‍ മാറ്റി സ്‌കോര്‍ ഉയര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നി. അത് ചെയ്തു'. ഏകദിന- ടി20 ഫോര്‍മാറ്റുകളില്‍ വേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ മത്സരശേഷം പറഞ്ഞു.