ജെയിംസ് ആന്‍ഡേഴ്‌സണെ നേരിടാന്‍ കെ.എല്‍ രാഹുലിന് വോണിന്‍റെ ഉപദേശം

ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തില്‍ ബാറ്റ്സ്‌മാന്‍ കെ.എല്‍ രാഹുലിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് രാഹുലിന്‍റെ പ്രധാന വഴിമുടക്കികളിലൊരാള്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും ജിമ്മിക്ക് മുന്‍പില്‍ രാഹുലിന് കാലിടറി. എന്നാല്‍ ആന്‍ഡേഴ്‌സണിനെ നേരിടാന്‍ രാഹുലിന് ഉപദേശം നല്‍കുകയാണ് ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. 

ലൈനും ലെങ്തും സ്വിങും കൊണ്ട് വിറപ്പിക്കുന്ന ആന്‍ഡേഴ്‌സണെതിരെ രാഹുല്‍ ആക്രമിച്ച് കളിക്കണമെന്ന് വോണ്‍ പറയുന്നു. 'താന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നെങ്കില്‍ രാഹുലിനോട് ജിമ്മിയെ കടന്നാക്രമിക്കാന്‍ പറയുമായിരുന്നു. ഇംഗ്ലീഷ് സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണ്‍ അപകടകാരിയാണ്. ജിമ്മിയെ നേരിടുക അനായാസമാവില്ല. അതിനാല്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടുക മാത്രമാണ് പ്രതിവിധി'- വോണ്‍ പറയുന്നു. പരമ്പരയില്‍ ഇതുവരെ 15.67 ശരാശരിയില്‍ 94 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്.