വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയത്തിലേക്ക് ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. ലീഡ് 71 റണ്‍സ് മാത്രം.
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയലക്ഷ്യം. ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 38 റണ്‍സെടുത്ത ആംബ്രിസാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഉമേഷ് നാലും ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ഓപ്പണര്‍മാരായ ബ്രാത്ത്‌വെയ്റ്റും പവലും പൂജ്യത്തിന് പുറത്തായി. ഹോപ്(28), ഹെറ്റ്മേര്‍(17), ചേസ്(6), ഡൗറിക്ക്(0), ഹോള്‍ഡര്‍(19), വാറിക്കാന്‍(7), ഗബ്രിയേല്‍(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 10 റണ്‍സുമായി ബിഷൂ പുറത്താകാതെ നിന്നു.
നേരത്തെ വിന്‍ഡീസിന്‍റെ 311-10 എന്ന സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ 367ന് പുറത്തായി. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ നീലപ്പടയ്ക്ക് 59 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) മൂന്നാം പന്തില്‍ എല്‍ബിയില്‍ ജഡേജയെയും(0) ഹോള്‍ഡര്‍ പുറത്താക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രഹാനെ- പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അരികെ(92) പന്തും പുറത്തായി. കുല്‍ദീപ് ആറും ഉമേഷ് രണ്ടും റണ്‍സിന് പുറത്തായപ്പോള്‍ 35 റണ്‍സെടുത്ത വാലറ്റത്ത് അശ്വിന്‍ അവസാനം പുറത്തായി. രണ്ടാം ദിനം കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ മൂന്നും വാറിക്കാന്‍ രണ്ട് വിക്കറ്റും നേടി.
ഒന്നാം ഇന്നിംഗില്‍ റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി(106) മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
