തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ വിന്‍ഡീസ്. ലീഡ് സ്വന്തമാക്കിയെങ്കിലും കൂട്ടത്തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ആറ് ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. മിന്നലായി ഉമേഷ് യാദവ്...

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കിയെങ്കിലും വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസിന് 70 റണ്‍സെടുക്കുന്നതിനിടെ ആറ് ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. ഓപ്പണര്‍മാരായ ബ്രാത്ത്‌വെയ്റ്റും പവലും പൂജ്യത്തിന് പുറത്തായി. ഹോപ്(28), ഹെറ്റ്മേര്‍(17), ചേസ്(6), ഡൗറിക്ക്(0) എന്നിവരും മടങ്ങി. 

ഉമേഷ് മൂന്നും ജഡേജയും കുല്‍ദീപും അശ്വിനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 20 റണ്‍സുമായി ആംബ്രിസും ഹോള്‍ഡറുമാണ്(4) ക്രീസില്‍. ടീം സ്കോര്‍ 76ല്‍ നില്‍ക്കേ വിന്‍ഡീസിന് 20 റണ്‍സ് ലീഡാനുള്ളത്. 

നേരത്തെ വിന്‍ഡീസിന്‍റെ 311-10 എന്ന സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ 367ന് പുറത്തായി. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ നീലപ്പടയ്ക്ക് 59 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) മൂന്നാം പന്തില്‍ എല്‍ബിയില്‍ ജഡേജയെയും(0) പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഞ്ചാം വിക്കറ്റില്‍ രഹാനെ- പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

വൈകാതെ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അരികെ(92) പന്തും പുറത്തായി. ഗബ്രിയേലിനാണ് വിക്കറ്റ്. വാലറ്റത്ത് കുല്‍ദീപ് 21 പന്തില്‍ ആറ്, ഉമേഷ് 13 പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഹോള്‍ഡറിനും വാറിക്കാനുമായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് പ്രതിരോധിച്ച് നിന്ന അശ്വിന്‍ 83 പന്തില്‍ 35 റണ്‍സെടുത്ത് പത്താമനായി പുറത്തായി. അശ്വിന്‍ നാല് ബൗണ്ടറികള്‍ പറത്തി. നാല് റണ്‍സുമായി താക്കൂര്‍ പുറത്താവാതെ നിന്നു. 

രണ്ടാം ദിനം കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് 70 റണ്‍സെടുത്തത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ മൂന്നും വാറിക്കാന്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ 295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടായിരുന്നു. റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി(106) മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.