ഓസ്‌ട്രേലിയ എയെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ എ തോല്‍പ്പിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
ബംഗളൂരു: നാലു ടീമുകള്‍ കളിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ എ, ബി ടീമുകള്‍ക്ക് വിജയം. ഓസ്‌ട്രേലിയ എയെ അഞ്ച് വിക്കറ്റിനാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ എ തോല്‍പ്പിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സ്‌കോര്‍, ഓസ്‌ട്രേലിയ എ 31.4 ഓവറില്‍ 151ന് എല്ലാവരും പുറത്ത്. ഇന്ത്യ എ 38.3 ഓവറില്‍ അഞ്ചിന് 152. ഇന്ത്യ ബി 30 റണ്‍സിന് ദക്ഷിണാഫ്രിക്ക എയെ തോല്‍പ്പിച്ചു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യ ബിയുടെ വിജയം. സ്‌കോര്‍ ദക്ഷിണാഫ്രിക്ക എ 231ന് എല്ലാവരും പുറത്ത്. ഇന്ത്യ 40.3 ഓവറില്‍ അഞ്ചിന് 214.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിന് മുന്നില്‍ ഓസീസ് മുട്ടുക്കുത്തി. 34 റണ്‍സെടുത്ത ആഷ്ടണ്‍ അഗറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് 28 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധില്ല. ഇന്ത്യക്ക് വേണ്ടി കൃഷ്ണപ്പ ഗൗതം മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ എ 38.3 ഓവറില്‍ ലക്ഷ്യം മറികടന്നു. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് തെറിച്ച് മടങ്ങി. ജേ റിച്ചാര്‍ഡ്‌സണായിരുന്നു വിക്കറ്റ്. ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ത്ഥ് (4), സൂര്യകുമാര്‍ യാദവ് (15), ശ്രയസ് അയ്യര്‍ (4) എന്നിവരും നിരാശപ്പെടുത്തി. പിന്നാലെ എത്തിയ അമ്പാടി റായുഡു (62*), ക്രുനാല്‍ പാണ്ഡ്യ (49) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു. നിതീഷ് റാണ നാല് റണ്‍സുമായി പുറത്താവാതെ നിന്നു.
ഇന്ത്യ ബിക്കെതിരേ ദക്ഷിണാഫ്രിക്ക എയ്ക്ക് 231 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 55 റണ്‍സെടുത്ത ശെനുരന്‍ മുത്തുസാമിയാണ് അവരുടെ ടോപ് സ്‌കോറര്‍. ഫര്‍ഹാന്‍ ബെഹാര്‍ദീന്‍ 43 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. ശ്രേയാസ് ഗോപാലിന് മൂന്ന് വിക്കറ്റുണ്ട്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ പുറത്തായാതെ നേടിയ 95 റണ്‍സാണ് കരുത്തായത്. ശുഭ്മാന്‍ ഗില്‍ 42 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ മഴയെത്തി. തുടര്‍ന്ന് മഴനിയമ പ്രകാരം ഇന്ത്യ ബിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
