ഇംഗ്ലണ്ടിൽ 5 ടെസ്റ്റും  3 ഏകദിനവും 3 ട്വന്‍റി 20യും ടീം ഇന്ത്യ കളിക്കും

ലണ്ടന്‍: ഇന്ത്യന്‍ യുവ നിര കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ റണ്‍ മഴ തീര്‍ത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രത്യേകിച്ചും സീനിയര്‍ ടീമിന്‍റെ ഇംഗ്ലിഷ് പര്യടനം തുടങ്ങാനിരിക്കെ അത് ഇന്ത്യന്‍ ആരാധകര്‍ക്ക് പകര്‍ന്ന് നല്‍കിയ ആവേശം ചെറുതായിരുന്നില്ല.എന്നാല്‍ സന്നാഹ മല്‍സരങ്ങളിലെ മികവ് ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ എ ടീമിന് പുറത്തെടുക്കാനായില്ല.

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ എ ടീം 46.3 ഓവറില്‍ 232 റണ്‍സില്‍ ബാറ്റു താഴ്ത്തി. നാലു വിക്കറ്റെടുത്ത ലിയാം ഡോസനും മൂന്നു വിക്കറ്റ് വീഴ്ത്തിയ ടോം ഹെല്‍മും ഇംഗ്ലണ്ടിന്‍റെ യുവ നിരയ്ക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

64 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പിടിച്ചു നിന്നത്. 55 പന്തുകളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പന്ത് 64 റണ്‍സ് അടിച്ചെടുത്തത്. 42 റണ്‍സ് നേടിയ നായകന്‍ ശ്രേയസ് അയ്യരും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. വാലറ്റത്ത് അക്ഷര്‍ പട്ടേലും (25) ദീപക് ചഹറും (21) പൊരുതിയില്ലായാരുന്നെങ്കില്‍ ഇന്ത്യന്‍ സംഘത്തിന്‍റെ അവസ്ഥ ഇതിലും മോശമാകുമായിരുന്നു.

ഇന്ത്യന്‍ സംഘമുയര്‍ത്തിയ 233 റണ്‍സിന്‍റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ലയണ്‍സിന് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 41.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ നിക്ക് ഗുബിന്‍സിന്റെ അപരാജിത സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്.

അതേസമയം ഇംഗ്ലിഷ് പര്യടനത്തിനായി വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ഇന്ന് പുറപ്പെടും. ഇംഗ്ലണ്ടിൽ 5 ടെസ്റ്റും 3 ഏകദിനവും 3 ട്വന്‍റി 20യും
ഇന്ത്യ കളിക്കും. അതിന് മുമ്പായി ഇന്ത്യ അയര്‍ലന്‍ഡിനെതിരെ 2 ട്വന്‍റി 20 കളിക്കും. ബുധനാഴ്ചയാണ് ആദ്യ മത്സരം . ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രകടനം നടത്തുമെന്നും കൗണ്ടി ക്രിക്കറ്റിൽ കളിക്കാത്തത് തനിക്ക് ഗുണമായെന്നും പൂര്‍ണ ശാരീരികക്ഷമത കൈവരിക്കാനായെന്നും വിരാട് കോലി പ്രതികരിച്ചു.