ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 600ന് പുറത്തായി. മൂന്നിന് 399 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയുടെ ശേഷിച്ച 7 വിക്കറ്റുകള്‍ 201 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്‌ടമാകുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 10 എന്ന നിലയിലാണ്. രണ്ടു റണ്‍സെടുത്ത ദിമുത് കരുണരത്നെയുടെ വിക്കറ്റാണ് ശ്രീലങ്കയ്‌ക്ക് നഷ്‌ടമായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കരുണരത്നെ പുറത്തായത്.

ചേതേശ്വര്‍ പൂജാര 153 റണ‍്സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ 57 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 50 റണ്‍സും ആര്‍ അശ്വിന്‍ 47 റണ്‍സും എടുത്ത് പുറത്തായി. അരങ്ങേറ്റ മല്‍സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടാനായത് പാണ്ഡ്യയ്‌ക്ക് ഇരട്ടി മധുരമായി. പത്താമനായി ഇറങ്ങിയ മൊഹമ്മദ് ഷമി 30 റണ്‍സെടുത്ത് പുറത്തായി. 190 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് മികച്ച അടിത്തറയേകിയത്. മധ്യനിരയില്‍ പൂജാരയുടെ പ്രടനവും നിര്‍ണായകമായി. 265 പന്ത് നേരിട്ടാണ് പൂജാര 153 റണ്‍സെടുത്തത്. ശ്രീലങ്കയ്‌ക്ക് വേണ്ടി നുവാന്‍ പ്രദീപ് ആറു വിക്കറ്റെടുത്തു. ലഹിരു കുമാര മൂന്നു വിക്കറ്റ് സ്വന്തമാക്കി.