കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് 253 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 252 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

35-ാം ഓവര്‍ തുടങ്ങുമ്പോള്‍ 186/3 എന്ന മികച്ച സ്കോറിലായിരുന്നു ഇന്ത്യ. എന്നാല്‍ കേദാര്‍ ജാദവിനെ(24) വീഴ്‌ത്തി വമ്പന്‍ സ്കോറെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ കോള്‍ട്ടര്‍‌നൈല്‍ തകര്‍ത്തെറിഞ്ഞു. തൊട്ടുപിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയെയും(92) കോള്‍ട്ടര്‍നൈല്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യന്‍ മധ്യനിര ആടിയുലഞ്ഞു. ധോണി(5) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറും(20) ഹര്‍ദീക് പാണ്ഡ്യയും(20) പിടിച്ചു നിന്നതുകൊണ്ടുമാത്രം ഇന്ത്യ 250 കടന്നു. എന്നാല്‍ അധികം സ്ട്രൈക്ക് ലഭിക്കാതിരുന്ന ഹര്‍ദീക്(20) അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായി.

നേരത്തെ രോഹിത് ശര്‍മയെ(7) തുടക്കത്തിലെ മടക്കി കോള്‍ട്ടര്‍‌നൈല്‍ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അജിങ്ക്യാ രഹാനെയും(55) ഒത്തുചേര്‍ന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. അപ്രതീക്ഷിതമായി രഹാനെ റണ്ണൗട്ടായതിന് പിനന്നാലെ മനീഷ് പാണ്ഡെയും(3) പുറത്തായത് ഇന്ത്യന്‍ സ്കോറിംഗ് മന്ദഗതിയിലാക്കി. ഓസീസിനായി കോള്‍ട്ടര്‍നൈലും റിച്ചാര്‍ഡ്സണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.