ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. എട്ടു റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും(0), മനീഷ് പാണ്ഡെയുടെയും(6) രണ്ടു റണ്‍സെടുത്ത ശീഖര്‍ ധവാന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി ബെഹന്‍ഡ്രോഫാണ് നാലു വിക്കറ്റും വീഴ്ത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ 31/4 എന്ന നിലയിലാണ്.

11 റണ്‍സുമായി കേദാര്‍ ജാദവും റണ്‍സൊന്നുമെടുക്കാതെ ധോണിയുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യ കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഓസീസ് മാര്‍ക്ക് സ്റ്റോയിനിസിന് പകരം ഡാന്‍ ക്രിസ്റ്റ്യനെ ടീമിലെടുത്തു. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.