ജൊഹന്നസ്ബര്‍ഗ്: പരമ്പര കൈവിട്ടെങ്കിലും നാണക്കേട് ഒഴിവാക്കാന്‍ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യ വിയര്‍ക്കും. മൂന്നാം ടെസ്റ്റിനായി പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് വാണ്ടറേഴ്സില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി. മികച്ച പേസും ബൗണ്‍സുമുള്ള പിച്ചില്‍ കാലിടറുന്ന ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് ജൊഹന്നസ്ബര്‍ഗും വെല്ലുവിളിയായേക്കും.

ആദ്യ ടെസ്റ്റില്‍ പേസിനെ തുണയ്ക്കുന്ന കേപ്ടൗണ്‍ പിച്ചില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതേസമയം പരാജയപ്പെട്ടെങ്കിലും സ്‌പിന്നര്‍മാര്‍ക്ക് ലഭിച്ച ചെറിയ ആനുകൂല്യം മുതലാക്കാന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. പുല്ലുനിറഞ്ഞ പിച്ചിലെ ആനുകൂല്യം മുതലാക്കാന്‍ നാല് മുന്‍നിര പേസര്‍മാരുമായാവും ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുക.

അതേസമയം പരാജയപ്പെട്ട ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍ക്ക് മാനേജ്മെന്‍റ് തുനിഞ്ഞേക്കും. ആദ്യ ടെസ്റ്റ് 72 റണ്‍സിന് കൈവിട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ 135 റണ്‍സിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിലും പേസിനെ തുണയ്ക്കുന്ന പിച്ചാണ് ഇന്ത്യയെ വീഴ്ത്തിയത്.